
കോഴിക്കോട്: താമരശേരി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കെ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം വ്യാഴാഴ്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ബ്രയിൻ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ അമ്മയെ മകൻ ആഷിഖ് വെട്ടിക്കാലപ്പെടുത്തുകയായിരുന്നു. ജന്മം നൽകിയതിനുള്ള ശിക്ഷയാണെന്നായിരുന്നു കൊലപാതകത്തിന് പിന്നാലെ പ്രതി നടത്തിയ പ്രതികരണം. പണം നൽകാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
അമ്മയായ സുബൈദ സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. ഷക്കീല ജോലിക്ക് പോയ സമയത്തായിരുന്നു ആഷിഖ് കൊല നടത്തിയത്. അയൽവാസികളുടെ അടുത്തു നിന്ന് തേങ്ങ പൊതിക്കാനെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങുകയും മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരിയ്ക്ക് അടിമയായതിന് പിന്നാലെ ആഷിഖ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു തവണ നാട്ടുക്കാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. പിന്നീട് ആഷിഖിനെ ഡീ അഡിക്ഷൻ സെന്ററിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നാലെയാണ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Be the first to comment