അമിത വേഗം: തവളക്കുഴിയിൽ വീണ്ടും വാഹനാപകടങ്ങൾ

*ഇന്നലെ പത്ത് മിനിറ്റിനുള്ളിൽ ഒരേ സ്ഥലത്ത് രണ്ട് അപകടങ്ങൾ

 

ഏറ്റുമാനൂർ: എംസി റോഡിലെ സ്ഥിരം അപകടമേഖലയിൽ വീണ്ടും വാഹനാപകടങ്ങൾ. എംസി റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷന് സമീപമാണ് അമിത വേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലും തുടർന്ന് മറ്റൊരു കാറിലും ഇടിച്ചത്. ഇന്നലെ ഉച്ചക്ക് 12.30 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവർ പട്ടിത്താനം മഠത്തേട്ട് ഷിബു കുര്യ(51)നെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയെ കാണുന്നതിനായി വേഗതയിൽ ഓടിച്ചു പോയ കാറാണ് അപകടത്തിനിടയാക്കിയത്. പട്ടിത്താനം ഭാഗത്തുനിന്നും കാരിത്താസ് ആശുപത്രിയിലേക്ക് വേഗതയിൽ പോകുമ്പോൾ  നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയിലും തുടർന്ന് എതിർദിശയിൽ എത്തിയ കാറിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ കുരുങ്ങിയതോടെ എംസി റോഡിൽ ഏറെ സമയം ഗതാഗത തടസമുണ്ടായി. പോലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാർ ചേർന്ന് വാഹനങ്ങൾ റോഡരികിലേക്ക് വലിച്ചു മാറ്റിയതോടെയാണ് ഗതാഗത തടസം ഒഴിവായത്.

ഈ അപകടമുണ്ടായി പത്ത് മിനിറ്റിനുള്ളിൽ ഇതേ സ്ഥലത്ത് മറ്റൊരു അപകടം കൂടി ഉണ്ടായി. കാറും പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

തവളക്കുഴി ജംഗ്ഷൻ സ്ഥിരം അപകട മേഖലയായി മാറിയിരിക്കുന്നു. നിത്യേനയെന്ന പോലെ ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുന്നു. പ്രദേശവാസികൾ ഏറെ ആശങ്കയിലാണ്. ഗതാഗത നിയന്ത്രണത്തിനായി പോലീസിന്റെ സേവനം ഇവിടെ സ്ഥിരമായി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പട്ടിത്താനം കവലയിലെ റൗണ്ടാന മുതൽ പടിഞ്ഞാറേനട വരെയുള്ള ഭാഗത്ത് അപകടങ്ങൾ പതിവാകുകയാണ്. വളവോ കയറ്റിറക്കങ്ങളോ ഇല്ലാത്ത ഇവിടെ വാഹനങ്ങൾ അമിത വേഗത്തിലാണ് പായുന്നത്. ഇതിനിടയിലാണ് തിരക്കേറിയ തവളക്കുഴി ജംഗ്ഷൻ. ജംഗ്ഷനിൽ പെട്ടെന്ന് വേഗം നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. 

സ്ഥിരം അപകടമുണ്ടാകുന്ന മേഖലയായിട്ടും വേഗനിയന്ത്രണത്തിനുള്ള യാതൊരു നടപടിക്കും അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*