
തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഈ മാസം 25 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന സമ്മേളനത്തോടെയാവും സമ്മേളനം തുടങ്ങുക. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി, ഈ സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ നടക്കും. സമ്മേളനം ആകെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു.
ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും.
ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായി നീക്കിവച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Be the first to comment