തിരുവനന്തപുരം: നിരവധി വിവാദങ്ങൾക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൂരം കലക്കല്‍, മുഖ്യമന്ത്രിയുടെ പിആർ ഏജന്‍സി വിവാദം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തിറങ്ങുന്നതോടെ നിയമസഭയില്‍ തീയും പുകയും ഉയരുമെന്നുറപ്പാണ്.
സഭയുടെ ആദ്യ ദിനമായ ഇന്ന് മറ്റ് നടപടികളില്ല. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് നിയമസഭ പിരിയും. തിങ്കളാഴ്‌ച മുതൽ ആവും നിയമസഭ രൗദ്രഭാവത്തിലേക്കു കടക്കുക. ഇത്തവണ ആകെ 9 ദിവസമായിരിക്കും നിയമസഭ സമ്മേളിക്കുക. ഈ സമ്മേളന കാലയളവില്‍ 6 ബില്ലുകള്‍ സഭ പരിഗണിക്കും.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍, 2023 ലെ കേരള കന്നുകാലി പ്രജനന ബില്‍, കേരള പിഎസ്‌സി ഭേദഗതി ബില്‍, കേരള ജനറല്‍ സെയില്‍ ടാക്‌സ് ഭേദഗതി ബില്‍, പ്രവാസി കേരളീയരുടെ ക്ഷേമനിധി ബില്‍, പേയ്‌മെൻ്റ് ഓഫ് സാലറീസ് ആന്‍ഡ് അലവന്‍സ് ഭേദഗതി ബില്‍ എന്നീ ബില്ലുകളാണ് ഈ സമ്മേളനത്തില്‍ സഭ പരിഗണിക്കുന്നതെന്ന് നിയമസഭ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞിരുന്നു.
ഇടതുപക്ഷവുമായി ഇടഞ്ഞ പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ ഇരിപ്പിടം എവിടെയാകും എന്നതും ഇന്ന് സഭ ചേരുമ്പോൾ അറിയാം. പാർട്ടിയുമായി ഇടഞ്ഞ അൻവറിനെ എല്‍ഡിഎഫ് നിരയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിപിഎം നിയമസഭ കക്ഷി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ ടിപി രാമകൃഷ്‌ണന്‍ സ്‌പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് അത്ര എളുപ്പമാക്കാൻ വഴിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
Be the first to comment