കോട്ടയം തിരുവാർപ്പിന് അഭിമാന ദിനം

പതിനാറാം ധനകാര്യകമ്മീഷൻ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം അടുത്തറിഞ്ഞു. ധനകാര്യകമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയും സംഘവുമാണ് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചതു്. പതിനാറാം ധനകാര്യകമ്മീഷൻ റിപ്പോർട്ട് തയാറാക്കുന്നതിനു മുന്നോടിയായി സംസ്ഥാന സന്ദർശനത്തിനെത്തിയതായിരുന്നു കമ്മിഷൻ.

കമ്മീഷനംഗങ്ങളായ ഡോ. മനോജ് പാണ്ഡ, ആനി ജോർജ് മാത്യു, ഡോ. സൗമ്യകാന്തി ഘോഷ്, സെക്രട്ടറി റിഥിക് പാണ്ഡേ, ജോയിന്റ് സെക്രട്ടറി രാഹുൽ ജെയിൻ, ഡെപ്യൂട്ടി സെക്രട്ടറി അജിത് കുമാർ രഞ്ചൻ, ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറി കുമാർ വിവേക്, ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ കമ്മീഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും അവനൽകുന്ന സേവനങ്ങളും വിലയിരുത്തി.

പഞ്ചായത്ത് ഭരണം സുതാര്യമാക്കാനായി പഞ്ചായത്ത് കമ്മിറ്റി മിനുട്‌സ്, ഫണ്ട് ചെലവഴിക്കൽ പുരോഗതി എന്നിവ ഓൺലൈനിൽ ലഭിക്കുന്നതിന്റെ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഓഫീസിലെ ഫ്രണ്ട് ഓഫീസ് സംവിധാനം, ,ടോക്കൺ സംവിധാനം, ഹെൽപ് ഡെസ്‌ക് എന്നിവയുടെ പ്രവർത്തനം നോക്കിക്കണ്ടു.
തുടർന്ന് പഞ്ചായത്തിന്റെ മാലിന്യശേഖരണ യൂണിറ്റ് (എം.സി.എഫ്) സന്ദർശിച്ചു. ഹരിതകർമസേനയുടെയും എം.സി.എഫിന്റെയും പ്രവർത്തനം, ഹരിതമിത്ര മൊബൈൽ ആപ്ലിക്കേഷന്റെ ഫലപ്രദമായ ഉപയോഗം, ഹരിത കർമ സേനയ്ക്ക് വിശ്രമത്തിനടക്കം ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ, മാലിന്യശേഖരണത്തിനായുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം എന്നിവ കമ്മീഷൻ വിലയിരുത്തി.

തുടർന്ന് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈകൾ പാകി മുളപ്പിക്കുന്ന നഴ്‌സറി സന്ദർശിച്ചു. ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ സൗജന്യമായി നട്ടു പരിപാലിക്കുന്ന പദ്ധതിയാണ് കേരഗ്രാമം. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ചേർന്ന് രണ്ടു വർഷത്തിനുള്ളിൽ പഞ്ചായത്തിൽ 12000 തെങ്ങിൻതൈകൾ നട്ടുപരിപാലിച്ചിട്ടുണ്ട് .ഈ വർഷം 7000 വിത്തുതേങ്ങ പാകി ഒരുക്കിയിട്ടുണ്ട് . പ്രാദേശിക സാമ്പത്തിക വികസനത്തിന് തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി വിനിയോഗിക്കുന്നതാണ് ഈ പദ്ധതി.
തുടർന്ന് ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നിർമിച്ച വനിതകൾക്കുള്ള വെൽനെസ് സെന്റർ സംഘം സന്ദർശിച്ചു. രാവിലെയും വൈകിട്ടും അഞ്ചു മുതൽ എട്ടുവരെയാണ് സ്്രതീകൾക്ക് സൗജന്യ വ്യായാമപരിശീലനത്തിന് ഇവിടെ സൗകര്യം ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കമ്മീഷൻ സംതൃപ്തി രേഖപ്പെടുത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ജനപ്രതിധിനികൾ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സ്‌പെഷൽ സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറും ഐ.പി.ആർ.ഡി. സെക്രട്ടറിയുമായ എസ്. ഹരികിഷോർ, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*