25-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു.

സ്വാശ്രയസംഘ മഹോത്സവത്തിന്റെയും കാര്‍ഷികമേളയുടെയും ഉദ്ഘാടന കര്‍മ്മം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവനും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദും സംയുക്തമായി നിര്‍വ്വഹിച്ചു. ജൈവ വൈവിദ്യ സംരക്ഷണത്തോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ വിപണന സാദ്ധ്യതകളും കാലിക പ്രസക്തമായ വിഷയമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും കാലാവസ്ഥ വ്യതിയാനവും വന്യമൃഗങ്ങളുടെ കടന്നുകയറ്റവും കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, തോമസ് ചാഴികാടന്‍ എക്‌സ്.എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറും അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരിയുമായ റവ. ഫാ. അബ്രാഹം മുത്തോലത്ത് മുഖ്യപ്രഭാഷണവും നടത്തി.

കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ജോ ജോസഫ്, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്.ജെ.സി, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം മാവേലിക്കര സ്വദേശിനി പുതുക്കാട്ട് ശ്രീലക്ഷ്മി വീട്ടില്‍ കൃഷ്ണകുമാരിക്കും കുടുംബത്തിനും കൃഷിമന്ത്രി സമ്മാനിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*