മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് സ്വാഡ് അംഗമായിരുന്നു ഷെഫീക്കെന്ന് എൻഐഎ പറയുന്നു. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍.

കഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

Be the first to comment

Leave a Reply

Your email address will not be published.


*