ആകാശത്തും ഓണം; കസവുടുത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം

ഓണത്തോട് അനുബന്ധിച്ച് ‘ഉടുത്തൊരുങ്ങി’ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം. എയർലൈനിൻറെ ഏറ്റവും പുതിയ ബോയിംഗ്‌ 737-8 വിമാനത്തില്‍ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്താണ് ഓണത്തെ വരവേറ്റത്. കൊച്ചിയില്‍ പറന്നിറങ്ങിയ വിമാനത്തെ സ്വീകരിക്കാൻ കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്.

വിമാനത്തിൻറെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബാംഗ്ലൂരിലേക്കുള്ള ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിയിച്ചാണ് സ്വീകരിച്ചാണ്. 180 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന വിമാനമാണിത്‌.

2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്.

കേരളത്തിന്‍റെ കസവ്‌, തമിഴ്‌നാടിന്‍റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്‍റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ്‌ വിവിധ വിമാനങ്ങളുടെ ടെയില്‍ ആര്‍ട്ടിലുള്ളത്‌. 85 വിമാനങ്ങളാണ് എയർ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്‌.

കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളില്‍ നിന്നായി 300 വിമാന സര്‍വീസുകളാണ്‌ ആഴ്‌ച തോറും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്‌. കൊച്ചിയിൽ നിന്നും 102, തിരുനന്തപുരത്ത് നിന്നും 63, കോഴിക്കോട് നിന്നും 86, കണ്ണൂരിൽ നിന്നും 57 എന്നിങ്ങനെയാണ് സർവീസുകളുടെ എണ്ണം.

Be the first to comment

Leave a Reply

Your email address will not be published.


*