പുഴ കടക്കാന്‍ ഉരുക്കുപാലം; ബെയ്‌ലി പാലം തുറന്നു; വാഹനങ്ങള്‍ കടത്തിവിട്ടു; ഇനി അതിവേഗ രക്ഷാപ്രവര്‍ത്തനം

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം തുറന്നുകൊടുത്തു. വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇതോടെ മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകും.

മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും. 

ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങള്‍ പുഴയിലൂടെ ഇറക്കിയാണ് ദുരന്തമേഖലയില്‍ എത്തിച്ചത്. ഉരുള്‍ പൊട്ടലില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം. 

കൂടുതല്‍ യന്ത്രങ്ങള്‍ ചൂരല്‍മലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കെയിലേക്ക് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും.24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ചാണ് പാലത്തിന്റെ തൂണ്‍ സ്ഥാപിച്ചിരിക്കുന്നത്.

ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് ആണ് നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിര്‍മിക്കുന്നതെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*