മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘എൽ 360’യിൽ വലിയ പ്രതീക്ഷയിൽ പ്രേക്ഷകർ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘എൽ 360’യിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്ന സൂചന ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലോക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിർമ്മണ കമ്പനിയായ രെജപുത്ര. ‘ഹാൻഡ് ഇൻ ഹാൻഡ് ക്രിയേറ്റിങ് മാജിക്’ എന്ന കൺസപ്റ്റിലെടുത്ത വീഡിയോ സിനിമയുടെ ബിഹൈൻഡ് ദ സീനാണ്.

സിനിമയ്ക്ക് ആശംസയറിയിച്ചുകൊണ്ട് വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്, ഇങ്ങനത്തെ പടങ്ങളാണ് വേണ്ടത് ലാലേട്ടാ, ലാൽ മാജിക്കിന് സാക്ഷ്യം വഹിക്കാൻ പോകുന്നു, കാത്തിരിക്കുന്നു, എന്നിങ്ങനെയാണ് കമന്റുകൾ. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നും ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി ഒരിക്കൽ പറഞ്ഞിരുന്നു. എല്‍ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശോഭനയാണ് നായിക.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. സിനിമയില്‍ ഫര്‍ഹാന്‍ ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘എല്‍ 360’-യ്ക്ക് ജേക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്‍റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*