ചൈതന്യ കാര്‍ഷിക മേള – 2025 മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിട്ടാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ വിവാഹ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 2017 മുതലാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷക കുടുംബത്തിന് ഇരുപത്തി അയ്യായിരത്തി ഒന്ന് (25001) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. സുസ്ഥിര കൃഷി രീതിയോടൊപ്പം ജൈവകൃഷി അവലംബനവും മണ്ണ് ജല കൃഷി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഇതര കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങളും പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നതാണ്.

കാര്‍ഷികവൃത്തിയില്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സഹകരണവും മുഖ്യമാനദണ്ഡമായിരിക്കും. അപേക്ഷകര്‍ മൂന്ന് പേജില്‍ കവിയാത്ത വിവരണവും കൃഷിരീതികള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളും (ഫോട്ടോ-വീഡിയോ സഹിതം) അയയ്‌ക്കേണ്ടതാണ്. അപേക്ഷയോടൊപ്പം മറ്റ് പുരസ്‌ക്കാരങ്ങളുടെ വിശദാംശങ്ങളും ചേര്‍ക്കാവുന്നതാണ്. കൂടാതെ കുടുംബത്തിന്റെ ഫോട്ടോയും സമര്‍പ്പിക്കേണ്ടതാണ്. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 15 ആയിരിക്കും. വിജയിയായി തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷക കുടുംബത്തിന് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് പുരസ്‌ക്കാരം സമ്മാനിക്കും. എന്‍ട്രികള്‍ അയയ്‌ക്കേണ്ടത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം പി.ഒ. – 686 630, കോട്ടയം, കേരള എന്ന വിലാസത്തില്‍ ആയിരിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 7909231108 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Be the first to comment

Leave a Reply

Your email address will not be published.


*