നെല്ലിക്ക കഴിക്കാത്തവരായി ആരുമുണ്ടാവില്ല അല്ലേ. കവിതകളിലൂടെയും കഥകളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും എല്ലാവരും നെല്ലിക്കയുടെ സവിശേഷതകള്‍ കേട്ടിരിക്കുമല്ലോ. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് നെല്ലി മരങ്ങള്‍ സുലഭമായി വളരുന്നത്. ചൂടുകാലത്ത് ഇലപൊഴിക്കുന്ന നെല്ലിമരം പൂക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്.
പൂങ്കുലകളായി വിരിയുന്ന ചെറിയ പൂക്കള്‍. പച്ചനിറത്തിലും, മഞ്ഞ കലര്‍ന്ന പച്ചനിറത്തിലുമുള്ള നെല്ലിക്കായകള്‍ കാണാം. ഔഷധ പോഷകഗുണ സമ്പന്നമാണ് നെല്ലിക്ക. കാട്ടില്‍ വളരുന്നതും നാട്ടില്‍ വളരുന്നതുമായ നെല്ലിക്കയുണ്ട്. ഗുണത്തില്‍ കാട്ടുനെല്ലിക്കയാണ് മുന്‍പില്‍. പ്രമേഹം, നേത്ര രോഗങ്ങള്‍, നാഡീരോഗങ്ങള്‍, അകാലനര, പുളിച്ചുതികട്ടല്‍, ത്വക്‌രോഗങ്ങള്‍, രക്തസ്രാവം തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി നെല്ലിക്ക ഉപയോഗിക്കുന്നു.
കുട്ടികളുടെ തളര്‍ച്ച മാറാനും വളര്‍ച്ചക്കും ബുദ്ധിശക്തിക്കും കൊടുക്കുന്ന ച്യവനപ്രാശത്തിലെ മുഖ്യഘടകം നെല്ലിക്കയാണ്. മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് നെല്ലിക്ക തളം വച്ച് ചികില്‍സിക്കാറുണ്ട്. മുന്‍പ് കേരളത്തിലെ എല്ലാ വീടുകളിലും നെല്ലി മരം പിടിപ്പിച്ച് പരിപാലിച്ചിരുന്നു. ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് നെല്ലി. വീടിന്റെ കിഴക്ക് ഭാഗത്ത് നെല്ലി വളരുന്നത് ഐശ്വര്യമാണെന്ന് കരുതുന്നു. പഴയ വീടുകളില്‍ കിണറിന്റെ അടിയില്‍ നെല്ലിപ്പലകയുടെ തട്ട് ഇട്ടിരുന്നു. ഇതു മൂലം വെള്ളത്തിന് തണുപ്പും ഔഷധഗുണവും ലഭിച്ചിരുന്നു. ‘ക്ഷമയുടെ നെല്ലിപ്പലക കണ്ടു’ എന്ന് പഴമക്കാര്‍ പറയുന്നത് എല്ലാവരും കേട്ടിരിക്കുമല്ലോ. ഒരിക്കലും വറ്റാത്ത കിണറിന്റെ അടിത്തട്ടിലെ നെല്ലിപ്പലക കണ്ടു എന്നാണ് അതുകൊണ്ട് അർത്ഥമാക്കിയിരുന്നത്.
ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണ് നെല്ലിക്കയെ വിശേഷിപ്പിക്കുന്നത്. കയ്പ്പും മധുരവും മാത്രമല്ല നല്ല ആരോഗ്യ ഗുണങ്ങളും നെല്ലിക്കയില്‍ ഉണ്ട്.
നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങള്‍ തടയാന്‍ സഹായിക്കും. കൊഴുപ്പ്, കൊളസ്‌ട്രോള്‍ തുടങ്ങിവ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ വിറ്റാമിന്‍ സിയ്ക്കാകും. വായ് പുണ്ണ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും നെല്ലിക്ക വളരെ ഗുണം ചെയ്യും.ഇത്തരം പ്രശ്‌നമുളളവര്‍ നെല്ലിക്ക ജ്യൂസ് കുടിക്കണം.നെല്ലിക്ക കഴിക്കുന്നത് പല്ലുകളെയും മോണകളെയും ശക്തമാക്കും.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നെല്ലിക്ക സഹായകമാണ്. ഇതില്‍ വൈറ്റമിന്‍ സി ധാരാളമായി കാണപ്പെടുന്നതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
നെല്ലിക്കയില്‍ ക്രോമിയത്തിന്റെ അംശമുള്ളതുകൊണ്ടു ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. രക്തം ശുദ്ധീകരിക്കുന്ന ഗുണങ്ങളുള്ള മൂലകങ്ങള്‍ നെല്ലിക്കയില്‍ ഉണ്ട്. മുഖക്കുരു മാറി ചര്‍മ്മം തിളങ്ങാനും നെല്ലിക്ക കഴിക്കാവുന്നതാണ്.
*WebDesk
Be the first to comment