ഏക സിവില്‍ കോഡ് നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍, അന്തിമ കരട് സമര്‍പ്പിച്ചു

ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാൻ ഒരുങ്ങുന്നു. യുസിസിയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്തിമ കരട് വെള്ളിയാഴ്‌ച സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി ശത്രുഘ്‌ന സിങ് അധ്യക്ഷനായ ഒമ്പതംഗ സർക്കാർ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് രേഖകള്‍ കൈമാറി.

ഉത്തരാഖണ്ഡ് സർക്കാർ ഇനി കരട് പഠിച്ചതിന് ശേഷം ഏകീകൃത സിവിൽ കോഡ് ബില്‍ മന്ത്രിസഭയുടെ മുമ്പാകെ കൊണ്ടുവരും. മന്ത്രിസഭയുടെ അനുമതി ലഭിച്ചാലുടൻ നിയമം പ്രാബല്യത്തിൽ വരും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ ഇന്ത്യയിൽ ആദ്യമായി നിയമം നടപ്പാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂര്‍ണമായ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം, നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍, പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കല്‍, വിവാഹത്തിന് മുമ്പുള്ള വിദ്യാഭ്യാസം, പിന്തുടര്‍ച്ചാവാകാശം ഉള്‍പ്പെടെയുള്ളതില്‍ വ്യത്യാസങ്ങളും വിവേചനപരമായ വകുപ്പുകളും ഇല്ലാതാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ പൗരന്മാർക്കും പൊതുവായൊരു വ്യക്തിനിയമം എന്ന പേരിലാണ് ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*