370-ാം ഭേദഗതി റദ്ദാക്കിയത് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അവകാശ വാദം; എന്നാല്‍ കശ്മീരില്‍ മത്സരിക്കാതെ ഒളിച്ചോടി ബിജെപി!

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തു മാറ്റിയത് വലിയ നേട്ടമാണെന്ന് പറയുന്ന പാര്‍ട്ടിയാണ് ബിജെപി. കശ്മീരിലെ ജനത തന്നെ ഇതിന് അംഗീകാരം നല്‍കിയെന്ന് രാജ്യത്തെ മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശപ്പെടാറുമുണ്ട്. ഇങ്ങനെയൊക്കെ അവകാശപ്പെടുമ്പോഴും കശ്മീര്‍ മേഖലയിലെ ഒരു സീറ്റില്‍ പോലും ഇത്തവണ ബിജെപി മത്സരിക്കുന്നില്ല. അമേഠിയില്‍നിന്ന് രാഹുല്‍ ഒളിച്ചോടിയെന്ന് പറയുന്ന ബിജെപി എന്തുകൊണ്ടാണ് കശ്മീരില്‍ മല്‍സരിക്കാത്തതെന്ന് ചോദ്യവും ഉയരുന്നുണ്ട്.

മൂന്ന് പതിറ്റാണ്ടിനിടയില്‍ ഇത് ആദ്യമായാണ് കശ്മീര്‍ മേഖലയിലെ മൂന്ന് സീറ്റിലും ബിജെപി മല്‍സരിക്കാതിരിക്കുന്നത്. ശ്രീനഗര്‍, ബാരാമുള്ള, അനന്ദനാഗ് എന്നീ മണ്ഡലങ്ങളാണ് കശ്മീരില്‍ ഉള്ളത്. ജമ്മു വില്‍ രണ്ടും. ഉദ്ദംപൂരും ജമ്മുവും. ഈ രണ്ട് മണ്ഡലങ്ങളിലെയും വോട്ടെടുപ്പുകള്‍ കഴിഞ്ഞു. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനുണ്ടായിരുന്നു.370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്.

കശ്മീരില്‍ 370 എടുത്തു മാറ്റിയതിനെ അവിടുത്തെ ജനങ്ങള്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. 370 നീക്കിയതിന് ശേഷമുള്ള കശ്മീരിലെ പുരോഗതി കണ്ട് പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കശ്മീര്‍ ഇന്ത്യയില്‍ ലയിക്കണമെന്ന ആവശ്യവുമായി വരുമെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. എന്നാല്‍ ഈ പറച്ചിലൊക്കെ കശ്മീരിന് പുറത്താണെന്ന് മാത്രം. തങ്ങള്‍ നടപ്പിലാക്കിയ പ്രധാന രാഷ്ട്രീയ നടപടി വിജയമാണെങ്കില്‍ എന്തുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ബിജെപി അവിടെ മല്‍സരിക്കാത്തതെന്ന ചോദ്യം അവശേഷിക്കുന്നു.

നേരിട്ട് മത്സരിക്കുന്നില്ലെങ്കിലും ബിജെപി ചില ബെനാമികളെ ഇറക്കിയിട്ടുണ്ടെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സും, പിഡിപിയും ആരോപിക്കുന്നത്.

ഒമര്‍ അബ്ദുല്ലയാണ് ബാരാമുള്ളയില്‍നിന്ന് മല്‍സരിക്കുന്നത്. ഇവിടെ പിഡിപിയുടെ ഫയാസ് മിര്‍ ആണ് എതിര്‍ സ്ഥാനാര്‍ത്ഥി. പിപ്പീള്‍സ് കോണ്‍ഫറന്‍സിലെ സജ്ജാദ് ലോണ്‍ മല്‍സരിക്കുന്നത് ബിജെപിയ്ക്ക് വേണ്ടിയാണെന്നാണ് ആരോപണം.

അനന്തനാഗ് റജൗറി സീറ്റില്‍ മല്‍സരിക്കുന്നത് മുന്‍ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തിയാണ്. നാഷണല്‍ കോണ്‍ഫറന്‍സിലെ മിയാന്‍ അല്‍താഫ് ആണ് എതിരാളി. ഇവിടെ മല്‍സരിക്കുന്ന അപ്‌ന പാര്‍ട്ടിയുടെ സഫര്‍ ഇക്ബാല്‍ മന്‍ഹാസ് ബിജെപിയ്ക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് ആരോപണം. ശ്രീനഗറിലും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തമ്മിലാണ് മുഖ്യമത്സരം. എന്നാല്‍ ഇവിടെയും അപ്‌നാ പാര്‍ട്ടി മത്സരിക്കുന്നു.

അപ്‌നാ പാര്‍ട്ടി 2021ലാണ് നിലവില്‍ വരുന്നത്. ഈ പാര്‍ട്ടിക്ക് സഹായം നല്‍കുന്നത് ബിജെപിയാണെന്ന ആരോപണമുണ്ടായിരുന്നു. അതുപോലെ സജ്ജാദ് ലോണിന്റെ പിപ്പീള്‍സ് കോണ്‍ഫറന്‍സും ബിജെപിയുമായി സഹകരിക്കുന്ന പാര്‍ട്ടിയാണെന്നാണ് ആരോപണം. ഈ രണ്ട് പാര്‍ട്ടികളും പരസ്പരം സഹകരിച്ചാണ് മത്സരിക്കുന്നത്.

നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടികളാണ്. ജമ്മുവില്‍ ഈ രണ്ട് പാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു.

2019 ല്‍ മോദി വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷമാണ് കശ്മീരുമായി ബന്ധപ്പെട്ട 370-ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ മാസങ്ങളോളമാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*