ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം. മൃതദേഹം വിലാപയാത്രയായി ജഗതിയിലെ വീട്ടിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. വികാര നിർഭരമായ രംഗങ്ങളാണ് പുതുപ്പള്ളി ഹൗസിൽ കണ്ടത്. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുതിർന്ന നേതാക്കളുൾപ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മൻചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സിൽ രമേശ് ചെന്നിത്തല,ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു.
വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.
Be the first to comment