ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും. ഇന്ന് ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. എകെജി ഭവനില്‍ നാളെ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. 14നു വൈകുന്നേരം മൂന്നുമണിക്കു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. യെച്ചൂരിയുടെ നിര്യാണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു. ഇന്ത്യാമുന്നണിയെന്ന് മതേതരരാഷ്ട്രീയ ആശയത്തിന്റെ കാവലാളാണ് അന്തരിച്ച സീതാറാമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി.
1984 ല്‍ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ യെച്ചൂരി അതേ വര്‍ഷം സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പ്രകാശ് കാരാട്ടിനൊപ്പം സ്ഥിരം ക്ഷണിതാവുമായി. പിറ്റേ വര്‍ഷം കാരാട്ടിനും എസ് രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്. 2015 മുതല്‍ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് മരണം. സീമ ചിസ്തിയാണ് ഭാര്യ. ഇന്ദ്രാണി മജുംദാറാണ് ആദ്യ ഭാര്യ. മക്കള്‍: പരേതനായ ആശിഷ് യച്ചൂരി, അഖില യച്ചൂരി
Be the first to comment