തൃശ്ശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ നെഞ്ചുതുറക്കാതെ ശ്വാസകോശത്തിന് അർബുദം ബാധിച്ച ഭാഗം നീക്കി. 64-കാരിക്കാണ് ‘യൂണിപോർട്ടൽ വാട്സ്’ എന്ന ഒറ്റത്തുള താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. ചെറിയ മുറിവുമാത്രമാണ് ഉണ്ടാവുക. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. സാധാരണ താക്കോൽദ്വാര ശസ്ത്രക്രിയയിൽ കുറഞ്ഞത് മൂന്നുദ്വാരങ്ങളെങ്കിലും ഉണ്ടാക്കേണ്ടതുണ്ട്.
ഇവിടെ, മുറിവ് വളരെ ചെറുതായതിനാൽ ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേന്നുതന്നെ രോഗിയെ ഐ.സി.യു.വിൽനിന്ന് മാറ്റാനായി. ആദ്യദിവസംതന്നെ ഭക്ഷണം കഴിക്കാനും നടക്കാനും സാധിച്ചു. അഞ്ചാംദിവസം ആശുപത്രി വിടാനുമായി. സ്വകാര്യ ആശുപത്രികളിൽ0 ലക്ഷം രൂപ ചെലവുവരുന്ന ഈ ശസ്ത്രക്രിയ സൗജന്യമായാണ് ചെയ്തത്. സർജറി വിഭാഗം പ്രൊഫസർ ഡോ. സി. രവീന്ദ്രന്റെ നേതൃത്വത്തിൽ ഓങ്കോളജി സർജൻ ഡോ. ശരത് കൃഷ്ണൻ, ഡോ. സഹീർ, ഡോ. പ്രവീൺ, ഡോ. സുമിൻ എന്നിവർചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബാബുരാജിന്റെ നേതൃത്വത്തിൽ ഡോ. ബിന്ദു, ഡോ. സുനിൽകുമാർ, ഡോ. നേഹ എന്നിവരും ഹെഡ് നഴ്സുമാരായ റൂബി ജോസഫ്, കെ.ജെ. സ്മിത, നഴ്സിങ് ഓഫീസർ ദിവ്യ അരവിന്ദ് എന്നിവരും പങ്കാളികളായി.
Be the first to comment