സിദ്ധാര്‍ത്ഥിൻ്റെ മരണം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗത്തിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം തുടരും. കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത് ഈ മാസം ആറിനാണ്. എസ്പി എം സുന്ദര്‍വേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥൻ്റെ കുടുംബത്തിൻ്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഇന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കോളേജ് ക്യാമ്പസിനകത്ത് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ സംഭവമുണ്ടായത്. അതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യത്വരഹിതമായ പീഡനത്തിനാണ് സിദ്ധാര്‍ത്ഥന്‍ ഇരയായത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥരും നടപടി നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*