യുവ ഡോക്ടറുടെ കൊലപാതകം; അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയായെടുത്ത ഹര്‍ജിയുടെ വാദം കേള്‍ക്കവേയാണ് സിബിഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

യുവ ഡോക്ടറുടെ കൊലപാതക കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് പശ്ചിമ ബംഗാള്‍ പോലീസില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്. ചൊവ്വാഴ്ച പരിഗണിച്ച ഹര്‍ജിയില്‍ ബംഗാള്‍ സര്‍ക്കാരിന്റെ വീഴ്ചകളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന് പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ സംസ്ഥാന സര്‍ക്കാര്‍ അധികാരം അഴിച്ചുവിട്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സര്‍ക്കാരിനെ കൂടാതെ പോലീസിനെയും പ്രിന്‍സിപ്പാളിനെയും കോടതി വിമര്‍ശിച്ചു. പ്രിന്‍സിപ്പാളും പോലീസും എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. എഫ്ഐആര്‍ രേഖപ്പെടുത്തിയില്ല, മൃതശരീരം വൈകിയാണ് കുടുംബത്തിന് നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. ആര്‍ജി കര്‍ ആശുപത്രിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ മറ്റേതെങ്കിലും കോളേജില്‍ പ്രവേശിച്ചോയെന്നും കോടതി ആരാഞ്ഞു. സംഭവത്തെ പ്രിന്‍സിപ്പാള്‍ ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും മാതാപിതാക്കളെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം സീനിയര്‍-ജൂനിയര്‍ ഡോക്ടര്‍മാരുടെ സുരക്ഷാ നടപടികള്‍ക്കായി രാജ്യത്തുടനീളം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ദേശീയ ടാസ്‌ക് സേനയും കോടതി രൂപീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കാന്‍ സേനയോട് കോടതി ആവശ്യപ്പെട്ടു. സര്‍ജന്‍ വൈസ് അഡ്മിറല്‍ ആര്‍കെ സരിയാന്‍, ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഗ്യാസ്ട്രോളജി മാനേജിങ് ഡയറക്ടര്‍ ഡോ. റെഡ്ഡി, ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. എം ശ്രീവാസ്, ബെംഗളൂരു നിംഹാന്‍സിലെ ഡോ. പ്രതിമ മൂര്‍ത്തി തുടങ്ങിയവര്‍ അടങ്ങുന്ന സേനയെയാണ് സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത്.

കൂടുതല്‍ പേര്‍ മെഡിക്കൽ രംഗത്തേയ്ക്ക് വരുന്നതിനാൽ മറ്റൊരു ബലാത്സംഗ കേസ് വരുന്നത് വരെ രാജ്യത്തിന് കാത്തിരിക്കാന്‍ പറ്റില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രോഗിയുടെ ബന്ധുക്കളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉപദ്രവത്തിനിരയായ പല സംഭവങ്ങളും എടുത്തുകാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനെയും കോടതി വിമര്‍ശിച്ചു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത് യുവ ഡോക്ടറുടെ അഭിമാനത്തെ ഹനിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*