മിനിമം വേതനത്തെ 2025 ഓടെ ജീവിത വേതനമാക്കി (ലിവിങ് വേജ്) മാറ്റാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര തൊഴില്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) സാങ്കേതിക പിന്തുണയോടെയാണ് ഈയൊരു മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നത്. ശേഷി വര്‍ധിപ്പിക്കല്‍, ഡേറ്റ ശേഖരണം, ജീവിത വേതനത്തിന്റെ ഗുണപരമായ സാമ്പത്തിക മാറ്റങ്ങള്‍ എന്നിവയ്ക്കുള്ള പിന്തുണ തേടി ഉദ്യോഗസ്ഥര്‍ ഐഎല്‍ഒയെ സമീപിച്ചിട്ടുണ്ട്.
ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വസ്ത്രം തുടങ്ങിയവയ്ക്ക് ആവശ്യമായ ചെലവുകളെയാണ് ജീവിതവേതനമെന്ന് പറയുന്നത്. ജീവിത വേതന സംവിധാനത്തിന് ഐഎല്‍ഒയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ വേതനം നിലവിലെ മിനിമം വേതനത്തിനേക്കാള്‍ കൂടുതലായിരിക്കും.
മിനിമം വേതനത്തെ ജീവിത വേതനമാക്കുന്നതിന് അടുത്തിടെ ജനീവയില്‍ നടന്ന ഗവേണിങ് ബോഡി യോഗത്തിൽ ഐഎല്‍ഒ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയിലെ 50 കോടി തൊഴിലാളികളില്‍ 90 ശതമാനവും അസംഘടിതമേഖലയിലാണ് ജോലി ചെയ്യുന്നത്. പ്രതിദിന മിനിമം വേതനം 176 രൂപയോ അതില്‍ കൂടുതലോ ആയിരിക്കും. സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് മിനിമം വേതനത്തില്‍ മാറ്റം വരാം. 2017 മുതല്‍ സ്ഥിരമായ മിനിമം വേതന നില എല്ലാ സംസ്ഥാനങ്ങലിലും നടപ്പാക്കാന്‍ സാധിക്കാത്തതാണ് ഈ ഏറ്റക്കുറച്ചിലിന് കാരണം. 2019ല്‍ വേതനവുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുകയാണ്.
1922 മുതല്‍ ഐഎല്‍ഒയുടെ സ്ഥാപക അംഗമായ ഇന്ത്യ 2030ഓടെ സുസ്ഥിര വികസനത്തിനുള്ള ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തിലാണ്. ദാരിദ്ര്യ നിര്‍മാര്‍ജന ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള രീതിയായാണ് മിനിമം വേതനത്തില്‍നിന്ന് ജീവിത വേതനത്തിലേക്കുള്ള മാറ്റത്തെ കണക്കാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് ജീവിത വേതനം നിര്‍വചിക്കുന്ന പ്രധാന ഘടകങ്ങളായി കണക്കാക്കേണ്ടതിന്റെ പ്രാധാന്യം ലേബര്‍ സെക്രട്ടറി സുമിത ദവ്‌റ ചൂണ്ടിക്കാണിക്കുന്നു.
Be the first to comment