ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം; സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കും

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാർഥിനികൾക്ക് വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചെന്ന് സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. 2023 ഏപ്രിൽ 10 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്‌കൂൾ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടിയുള്ള ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചെന്നും, ഇതിന് 2024 നവംബർ 2 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും, പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അറിവ് ലഭിക്കാനും നല്ല മനോഭാവം ഉണ്ടാക്കിയെടുക്കാനും ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ അകറ്റാനും പുതിയ ആര്‍ത്തവ ശുചിത്വ നയത്തിലൂടെ സാധിക്കുമെന്നും കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി പാഡുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വിവിധ സംസ്ഥാനങ്ങള്‍ സര്‍വേ നടത്തണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

സുരക്ഷിതമായ ആർത്തവ ശുചിത്വ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുകയും, സാനിറ്ററി മാലിന്യങ്ങള്‍ പരിസ്ഥിതി സൗഹൃദമായി കൈകാര്യം ചെയ്യാൻ പ്രാപ്‌തമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. സർക്കാർ, സംസ്ഥാന-എയ്‌ഡഡ്, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാർഥിനികൾക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ഡൽഹി, ഗോവ, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ടുള്ള കോടതിയുടെ മുൻ ഉത്തരവില്‍ 100 ശതമാനം ലക്ഷ്യങ്ങൾ കൈവരിച്ചു. 10 ലക്ഷ സർക്കാർ സ്‌കൂളുകളില്‍ ആൺകുട്ടികൾക്കായി 16 ലക്ഷം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി 17.5 ലക്ഷം ടോയ്‌ലറ്റുകളും നിർമിച്ചിട്ടുണ്ട്. സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ ആൺകുട്ടികൾക്കായി 2.5 ലക്ഷം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി 2.9 ലക്ഷം ശൗചാലയങ്ങളും നിർമിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

പശ്ചിമ ബംഗാളിൽ 99.9 ശതമാനം സ്‌കൂളുകളിലും വിദ്യാർഥിനികൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഒരുക്കി. ഉത്തർപ്രദേശിൽ 98.8 ശതമാനം സ്‌കൂളുകളിലും ഇത്തരം പ്രത്യേക സൗകര്യങ്ങളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്‍റെ കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ 99.7 ശതമാനവും കേരളത്തിൽ 99.6 ശതമാനവും സിക്കിം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ 99.5 ശതമാനവും ഛത്തീസ്‌ഗഡിൽ 99.6 ശതമാനവും കർണാടകയിൽ 98.7 ശതമാനവും മധ്യപ്രദേശിൽ 98.6 ശതമാനവും വിദ്യാർഥിനികൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 97.8 ശതമാനവും രാജസ്ഥാനിൽ 98 ശതമാനവും ബിഹാറിൽ 98.5 ശതമാനവും ഒഡീഷയിൽ 96.1 ശതമാനവുമാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*