ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രമുഖ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ക്രോമിന്റെ വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ക്രോം ബ്രൗസറിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലെ പുതിയ സെക്യൂരിറ്റി പാച്ച് ( സംവിധാനം) ഉപയോഗിക്കാനും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിര്‍ദേശിച്ചു.

ഡെസ്‌ക് ടോപ്പിനായുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനിലാണ് നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയത്. ഈ സുരക്ഷാ പഴുത് അവസരമാക്കി ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ആക്സസ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇതില്‍ പാസ്വേഡുകളും ബാങ്കിംഗ് വിശദാംശങ്ങളും മറ്റ് നിരവധി വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടാം. ഇത് സാമ്പത്തിക തട്ടിപ്പുകളിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കീബോര്‍ഡില്‍ പരിധിക്ക് പുറത്തുള്ള മെമ്മറി ആക്‌സസ് അടക്കം വിവിധ കാരണങ്ങളാലാണ് സുരക്ഷാ വീഴ്ച ഉണ്ടായതെന്നും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ് പേജ് സന്ദര്‍ശിക്കാന്‍ ഉപയോക്താവിനെ പ്രേരിപ്പിച്ച് ഈ സുരക്ഷാ വീഴ്ച മുതലാക്കാന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചേക്കാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിന്‍ഡോസിന്റെയും മാക്കിന്റെയും 125.0.6422.141/.142ന് മുമ്പുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ലിനക്‌സിന്റെ 125.0.6422.141-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പിലും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*