പാലക്കാടും കാഞ്ഞങ്ങാട്ടും 3 വീതം പുതിയ എഫ്എം സ്റ്റേഷനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽ​ഹി: സംസ്ഥാനത്ത് പാലക്കാടും കാഞ്ഞങ്ങാട്ടും മൂന്ന് വീതം പുതിയ എഫ്എം റേഡിയോ സ്റ്റേഷനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതടക്കം രാജ്യത്തെ 234 പുതിയ ന​ഗരങ്ങളിൽ 730 സ്റ്റേഷനുകൾക്കായി മൂന്നാം വട്ട ഇ ലേലം നടത്താനുള്ള നിർദ്ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രസഭാ യോ​ഗം അം​ഗീകാരം നൽകി. സ്വകാര്യ എഫ്എം റേഡിയോ മൂന്നാം ഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതൽ ധനത്തോടെയാണ് എഫ്എമ്മുകൾ വരുന്നത്.

ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാല് ശതമാനമായി എഫ്എം ചാനലിന്റെ വാർഷിക ലൈസൻസ് ഫീസ് ഈടാക്കാനുള്ള നിർദ്ദേശവും മന്ത്രിസഭാ യോ​ഗം അം​ഗീകരിച്ചു. 234 പുതിയ ന​ഗരങ്ങൾക്കും ഇതു ബാധകമാണ്.

സ്വകാര്യ എഫ്എം റേഡിയോ സേവനം ലഭ്യമാകാത്ത 234 പുതിയ ന​ഗരങ്ങളിലാണ് സ്വകാര്യ എഫ്എം റേഡിയോ സ്ഥാപിക്കുന്നത്. മാതൃ ഭാഷയിൽ പരിപാടികൾ അവതരിപ്പിക്കാനാകുമെന്നതാണ് സവിശേഷത. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഭാഷ, സംസ്കാരങ്ങളുടെ പ്രോത്സാഹനത്തിനും പുതിയ നടപടി സഹായിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*