ക്ഷേത്ര ദർശനവും വഴിപാടുകളുമായി എഡിജിപി അജിത് കുമാർ

കണ്ണൂര്‍: ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെ എഡിജിപി എം.ആര്‍. അജിത്കുമാര്‍ കണ്ണൂരിലെ ക്ഷേത്രങ്ങളിൽ ശത്രുസംഹാരപൂജ നടത്തി. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.

പുലര്‍ച്ചെ അഞ്ചോടെയാണ് അജിത്കുമാര്‍ കണ്ണൂര്‍ മാടായിക്കാവിലെത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടംതാലി, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ നടത്തി. ഇതിന് പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദര്‍ശനം. ജലധാര, ക്ഷീരധാര, ആള്‍രൂപം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ ഇവിടെ അദ്ദേഹം നടത്തി.
സ്വകാര്യ സന്ദര്‍ശനമായിരുന്നു എഡിജിപിയുടേത്. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം കണ്ണൂര്‍ എആര്‍ ക്യാമ്പിലെത്തിയ അജിത് കുമാര്‍ വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങി.

ആര്‍എസ്എസ് ബന്ധത്തിന്‍റെ പേരില്‍ അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് ഉടന്‍ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ക്ഷേത്രദര്‍ശനവും വഴിപാടുകളും. ക്രമസമാധാന ചുമതല മറ്റൊരു എഡിജിപിയായ എച്ച്. വെങ്കിടേഷിന് കൈമാറി പ്രശ്നം തണുപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ട്.

ആര്‍എസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എഡിജിപി ക്രമസമാധാനച്ചുമതലയില്‍ തുടരില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എഡിജിപിക്കെതിരേ ഉയര്‍ന്ന പരാതികളില്‍, അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങും.

Be the first to comment

Leave a Reply

Your email address will not be published.


*