ഡല്‍ഹി നഗരത്തില്‍ റോഡ് ഷോ, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം; തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി അറസ്റ്റിലായി നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു. ജയില്‍ മോചിതനായതിന്റെ ആദ്യ ദിനത്തില്‍ തന്നെ ഡല്‍ഹി നഗരത്തില്‍ സജീവമാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രി.

കൊണാര്‍ട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറിലെ സന്ദര്‍ശനമാണ് കെജ്‌രിവാളിന്റെ ഇന്നത്തെ ആദ്യ പരിപാടി. ഇതിന് പിന്നാലെ തെക്കന്‍, കിഴക്കന്‍ ഡല്‍ഹിയില്‍ റോഡ്ഷോകളിലും അദ്ദേഹം പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും കെജ്രിവാളിന് ഒപ്പം പരിപാടികളില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭഗവന്ത് സിങ് മന്ന് രാവിലെ തന്നെ കെജ്‌രിവാളിനെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

കെജ്‌രിവാളിന്റെ പൊതുപരിപാടികള്‍ക്ക് മുന്നോടിയായി കൊണാര്‍ട്ട് പ്ലേസ് ഉള്‍പ്പെടെ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ സുരക്ഷ ശക്തമാക്കി. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കെജ്‌രിവാള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എഎപി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കും.

എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അന്‍പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുപ്രീം കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഉജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്.

പാട്ടും നൃത്തവുമായി കെജ്‌രിവാളിന്റെ മോചനം ആഘോഷമാക്കിയ പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത അദ്ദേഹം. തന്നെ അനുഗ്രഹിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും, സ്വേച്ഛാധിപത്യത്തില്‍നിന്ന് നമുക്ക് രാജ്യത്തെ രക്ഷിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.

”നിങ്ങളോടൊപ്പം നില്‍ക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഉടൻ തന്നെ തിരിച്ചുവരുമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ഞാന്‍ വന്നു. ആദ്യം ഹനുമാന്റെ അനുഗ്രഹം വാങ്ങണം. ഹനുമാന്റെ അനുഗ്രഹമുള്ളതിനാലാണ് എനിക്ക് നിങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കുന്നത്. എന്നെ അനുഗ്രഹിച്ച എല്ലാവരോടും നന്ദി. സുപ്രീം കോടതി ജഡ്ജിമാരോടും ഞാന്‍ നന്ദി പറയുന്നു. അവരുള്ളതുകൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. സ്വേച്ഛാധിപത്യത്തിൽനിന്ന് നമുക്ക് രാജ്യത്തെ രക്ഷിക്കണം. ഞാന്‍ ഏകാധിപത്യത്തിനെതിരെ പോരാടുന്നു. നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങളും ഇതിനെതിരെ പോരാടണം,” ഏതാനും മിനുറ്റ് നീണ്ട പ്രസംഗത്തിൽ കെജ്‌രിവാള്‍ പറഞ്ഞു.പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രി സജീവ തിരഞ്ഞെടുപ്പ് പരിപാടികളിലേക്ക് കടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*