ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും ക്ഷേത്ര ഭാരവാഹികളും പ്രതികൾ

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്ത് പൊലീസ്. ജെ.ജെ. ആക്ട് കൂടി ഉൾപ്പെടുത്തിയാണ് കേസ്. തൂക്കവില്ലിലെ തൂക്കക്കാരൻ സിനുവിനെ കേസിൽ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് സ്വമേധയ കേസെടുത്തത്. സിനുവിന്‍റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തിൽ ദിവസങ്ങൾക്ക് മുമ്പ് രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമായിരുന്നു. മുകളില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ നിർദ്ദേശം നൽകിയിരുന്നു. ‍

Be the first to comment

Leave a Reply

Your email address will not be published.


*