3 ഡി ശബ്ദമികവോടെ നോക്കിയ അവതരിപ്പിക്കുന്ന ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ’?

ഫോൺ കോളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ശബ്ദം കൂടുതൽ യഥാർത്ഥമായി അനുഭവവേദ്യമാക്കുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്തിയിരിക്കുകയാണ് നോക്കിയ. ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ’ എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ ആദ്യ ഫോൺ കോൾ നോക്കിയ സിഇഒ പെക്ക ലൻഡ്‌മാർക്ക് നടത്തി. പുതിയ സാങ്കേതികവിദ്യ 3 ഡി ശബ്‌ദമികവോടെ ഫോൺ കോൾ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആശയവിനിമയം കൂടുതൽ ജീവസ്സുറ്റതാക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു.

എന്താണ് ഇമ്മേഴ്‌സീവ് സാങ്കേതിക വിദ്യ?

ഫോൺ കോളുകളുടെ കാര്യത്തിൽ ഭാവിയുടെ സാങ്കേതികവിദ്യയാണ് ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ’. നിലവിൽ സ്‌മാർട്ട്‌ഫോൺ കോളുകൾ മോണോഫോണിക് ആണ്. അത് ഓഡിയോ എലമെൻ്റുകൾ ഒരുമിച്ച് കംപ്രസ് ചെയ്യുകയും ശബ്‌ദം ഏകരീതിയിലുള്ളതാക്കുകയും ചെയ്യുന്നതിലൂടെ അതിന്റെ വിശദാംശങ്ങൾ നഷ്ടമാകുന്നു. എന്നാൽ പുതിയ സാങ്കേതികവിദ്യ ത്രീഡി ശബ്ദമാണ് സാധ്യമാക്കുക. ആശയവിനിമയം നടത്തുന്ന രണ്ടുപേരും അടുത്തടുത്തുനിന്ന് സംസാരിക്കുന്നതുപോലെ അനുഭവപ്പെടും.

“ഇന്ന് സ്‌മാർട്ട്‌ഫോണുകളിലും പിസികളിലും ഉപയോഗിക്കുന്ന മോണോഫോണിക് ടെലിഫോണി ശബ്ദം അവതരിപ്പിച്ചതിനുശേഷം തത്സമയ വോയ്‌സ് കോളിങ് അനുഭവത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്,” നോക്കിയ ടെക്‌നോളജീസ് പ്രസിഡൻ്റ് ജെന്നി ലുകാന്ദർ പറഞ്ഞു. “ഇതിപ്പോൾ സ്റ്റാൻഡേർഡായി മാറുകയാണ്. അതിനാൽ നെറ്റ്‌വർക്ക് ദാതാക്കൾ, ചിപ്സെറ്റ് നിർമാതാക്കൾ, ഹാൻഡ്സെറ്റ് നിർമാതാക്കൾ എന്നിവർ അവരുടെ ഉൽപ്പന്നങ്ങളിൽ ഇത് നടപ്പാക്കാൻ തുടങ്ങാം,” അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

വ്യക്തികൾ തമ്മിലുള്ള ഇമ്മേഴ്‌സീവ് കോളുകൾക്കുപുറമെ, കോൺഫറൻസ് കോളുകളിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്ന് നോക്കിയ ടെക്‌നോളജീസ് ഓഡിയോ റിസർച്ച് മേധാവി ജിറി ഹൂപാനിമി പറഞ്ഞു. പങ്കെടുക്കുന്നവരുടെ പ്രത്യേക ലൊക്കേഷന്‍ അടിസ്ഥാനമാക്കി അവരുടെ ശബ്ദം വേര്‍തിരിച്ച് കേള്‍ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. ഭൂരിഭാഗം സ്‌മാർട്ട്‌ഫോണുകളിലും കുറഞ്ഞത് രണ്ട് മൈക്രോഫോണുകളെങ്കിലുമുണ്ട്. ഇതുപയോഗിച്ച് ഒരു കോളിൻ്റെ സവിശേഷതകൾ തത്സമയം കൈമാറുന്നതിലൂടെ ഈ സാങ്കേതികവിദ്യ പ്രാവർത്തികമാക്കാൻ കഴിയും.

വരാനിരിക്കുന്ന 5ജി സാങ്കേതിക വിദ്യയുടെ ഭാഗമായാണ് ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ’ അവതരിപ്പിക്കുക. സാങ്കേതികവിദ്യ ഉപയോഗിച്ച് ലൈസൻസ് നേടാനാണ് നോക്കിയ നിലവിൽ ലക്ഷ്യമിടുന്നത്. എന്നാൽ സംവിധാനം വ്യാപകമായി ലഭ്യമാകാൻ കുറച്ചു വർഷങ്ങളെടുക്കും.

വോയ്‌സ് കോളുകളുടെ ഭാവി ഞങ്ങൾ പരീക്ഷിച്ചുവെന്ന് 1991-ൽ ആദ്യത്തെ 2ജി കോൾ ചെയ്യുമ്പോൾ ആ മുറിയിലുണ്ടായിരുന്ന ആളാണ് പെക്ക ലൻഡ്‌മാർക്ക് പറഞ്ഞു. 5ജി നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിച്ച സാധാരണ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചാണ് നോക്കിയ ഫോണ്‍ കോള്‍ പരീക്ഷിച്ചത്. ഫിന്‍ലന്‍ഡ് ഡിജിറ്റലൈസേഷന്‍ ആൻഡ് ന്യൂ ടെക്‌നളോജീസ് അംബാസഡര്‍ സ്റ്റീഫന്‍ ലിന്റ്‌സ്റ്റോമുമായാണ് പെക്ക ലൻഡ്‌‌മാർക്ക് ഫോണില്‍ സംസാരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*