റിലയന്‍സ്- ഡിസ്‌നി ലയനത്തില്‍ ആശങ്കയുമായി സിസിഐ

ന്യൂഡല്‍ഹി: ലോകത്തിലെ പ്രമുഖ മാധ്യമ കമ്പനിയായ വാള്‍ട്ട് ഡിസ്‌നി മീഡിയയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം പതിനെട്ടും തമ്മിലുള്ള ലയനം സാധ്യമായാല്‍ യാഥാര്‍ഥ്യമാകുക 850 കോടി ഡോളര്‍ ആസ്തിയുള്ള വമ്പന്‍ മീഡിയ സ്ഥാപനം.

ബ്രോഡ്കാസ്റ്റിങ് രംഗത്തും സ്ട്രീമിങ് പ്ലാറ്റ്‌ഫോം മേഖലയിലും രാജ്യത്തെ ഏറ്റവും വലിയ മീഡിയ പവര്‍ഹൗസായി ഇത് മാറും. ഇത് യാഥാര്‍ഥ്യമായാല്‍ ഈ മീഡിയ സ്ഥാപനത്തിന് കീഴില്‍ 120 ടിവി ചാനലുകളും രണ്ട് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുമാണ് വരിക. 2024ന്റെ അവസാന പാദത്തിലെ 2025ന്റെ ആദ്യ പാദത്തിലോ മീഡിയ ഹൗസ് യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ഫെബ്രുവരിയിലാണ് സംയുക്ത സംരംഭം സംബന്ധിച്ച് റിലയന്‍സും വാള്‍ട്ട് ഡിസ്‌നിയും പ്രഖ്യാപനം നടത്തിയത്. ഇരു സ്ഥാപനത്തിന്റേയും കീഴിലുള്ള വയാകോം പതിനെട്ടും സ്റ്റാര്‍ ഇന്ത്യയും തമ്മില്‍ ലയിപ്പിച്ച് പുതിയ സംരംഭത്തിന് രൂപം നല്‍കാനാണ് കമ്പനികള്‍ ധാരണയായത്.

അതിനിടെ ഡിസ്‌നിയുടെ ഇന്ത്യയിലെ ആസ്തികള്‍ വാങ്ങാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നീക്കത്തില്‍ നിയന്ത്രണ ഏജന്‍സിയായ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. മാധ്യമമേഖലയില്‍ കുത്തകവല്‍ക്കരണത്തിന് ഇത് കാരണമാകുമോ എന്ന സംശയമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ (സിസിഐ) ഉന്നയിച്ചത്. ഈ രംഗത്തെ മറ്റു കമ്പനികളുടെ പ്രവര്‍ത്തനത്തെ ലയനം പ്രതികൂലമായി ബാധിക്കുമെന്നാണ് സിസിഐ വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാനും ഇരു കമ്പനികളോടും കമ്മീഷന്‍ നിര്‍ദേശിച്ചു.

ക്രിക്കറ്റിന്റെ സംപ്രേഷണത്തിന് കോടിക്കണക്കിന് ഡോളറിന്റെ അവകാശങ്ങള്‍ ലയിപ്പിച്ച സ്ഥാപനത്തില്‍ നിക്ഷിപ്തമാകും. ഇത് മേഖലയില്‍ ആരോഗ്യകരമായ മത്സരത്തെയും പരസ്യദാതാക്കളുടെ മേലുള്ള നിയന്ത്രണത്തെയും അപകടത്തിലാക്കിയേക്കാമെന്നും കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ലയനത്തിന്റെ വിശദാംശങ്ങള്‍ തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഡിസ്നിക്കും സിസിഐ നൂറ് ചോദ്യങ്ങള്‍ അയച്ചിരുന്നു. വിപണി മേധാവിത്തം കുറയ്ക്കുന്നതിനായി പത്ത് ചാനലുകള്‍ വില്‍ക്കാമെന്ന് കമ്പനികള്‍ സിസിഐയെ അറിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*