നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും

കോട്ടയം: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും.

തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരാകും.

ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനമധ്യേ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ വചനസന്ദേശം നല്‍കും. അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹൃദയപള്ളി വികാരിയും മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മാതൃസഹോദരനുമായ ഫാ. തോമസ് കല്ലുകളം സിഎംഐ എന്നിവര്‍ ആശംസകളര്‍പ്പിക്കും.

ഒരുക്കങ്ങള്‍ക്കായി മുഖ്യവികാരി ജനറല്‍ മോണ്‍. ആന്റണി ഏത്തക്കാട് ജനറല്‍ കണ്‍വീനറായും ഫാ. തോമസ് കറുകക്കളം, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ കണ്‍വീനര്‍മാരായും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ഡിസംബര്‍ ഏഴിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാട്ടിനെയും വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇരുപതുപേരെയും കര്‍ദിനാള്‍മാരായി നിയമിക്കും. മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മങ്ങള്‍. ഡിസംബര്‍ എട്ടിന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് നവ കര്‍ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊത്ത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*