ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭപാതയുടെ നിർമാണം പുരോഗമിക്കുന്നു. 1.29 കോടി രൂപ ചെലവിട്ടാണ് നിർമാണം. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന് സമീപത്തുനിന്ന് തുടങ്ങി ബൈപാസ് റോഡ് കുറുകെകടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനുസമീപം അവസാനിക്കുന്ന രീതിയിലാണ് പാത നിർമാണം.
സ്റ്റാൻഡിൽ നിന്ന് പാത തുടങ്ങുന്ന ഭാഗത്തെയും എതിർവശത്ത് ആശുപത്രി കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെയും സ്‌റ്റെപ്പിന്റെയും തറയുടെയും കവാടത്തിന്റെയും കോൺക്രീറ്റ് പൂർത്തീകരിച്ചിരുന്നു. ബാക്കിയുള്ള ഭാഗത്തിന്റെ കോൺക്രീറ്റ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം. 18.576 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമാണ് ഭൂഗർഭപാതക്കുള്ളത്. ആധുനികരീതിയിൽ നിർമിക്കുന്ന പാതയിൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും വെളിച്ചസംവിധാനങ്ങളും ഒരുക്കും.
മന്ത്രി വി എൻ വാസവന്റെ ഇടപെടലിനെ തുടർന്നാണ് ഭുഗർഭപാത വിഭാവനംചെയ്‌തത്. ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്.
Be the first to comment