ഹാഷിറും ടീമും എത്തുന്നു; ‘വാഴ 2’ പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ ജോയ്, വിനായക് കൂടാതെ മറ്റ് സോഷ്യൽ മീഡിയ താരങ്ങളും വാഴ 2വിൽ അണിനിരക്കുന്നുണ്ട്.

‘വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തില്‍ തന്നെ ഹാഷിറും ടീമും നായകരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

കണ്ടന്‍റ് ക്രിയേറ്റര്‍മാരായ ഹാഷിര്‍, അജിൻ, വിനായകന്‍, അലന്‍ എന്നിവരടങ്ങുന്ന ടൈറ്റില്‍ പോസ്റ്ററും വിപിന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിന്‍ദാസ് പറയുന്നു. നവാഗതനായ സവിന്‍ എ.എസാണ് ‘വാഴ 2’ സംവിധാനം ചെയ്യുന്നത്. അഖില്‍ ലൈലാസുരനാണ് ക്യാമറ. സംഗീത സംവിധായകനെ നിശ്ചയിച്ചിട്ടില്ല. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തിയ ‘വാഴ’ ഗംഭീര കളക്ഷനോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരുടെ കൂടെ ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്,  എന്നിവരും വാഴയിൽ അഭിനയിച്ചിട്ടുണ്ട്.

ഒരു കൂട്ടം സുഹൃത്തുക്കളുടെ സ്‌കൂള്‍ – കോളേജ് കാലഘട്ടങ്ങളും പിന്നീട് ജോലി തേടി അലയുന്ന സമയവുമടക്കം അവര്‍ നേരിടുന്ന വിവിധ പ്രതിസന്ധികളാണ് വാഴയുടെ ആദ്യ ഭാഗത്തിന്റെ പ്രമേയം. രണ്ടാം ഭാഗത്തില്‍ മുതിര്‍ന്ന യുവാക്കളുടെ ജീവിതമായേക്കാം പ്രമേയമാവുക എന്നാണ് സൂചനകള്‍. ‘വാഴ’ ഫ്രാൻചൈസിൽ തുടർ സിനിമകൾ വരുമെന്ന ചർച്ചയും സോഷ്യൽ മാധ്യങ്ങളിൽ നിറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*