കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജ്ജറി വിഭാഗത്തിന് ചരിത്ര നേട്ടം; പെൺകുട്ടിയുടെ നട്ടെല്ലിലെ വളവ് നേരെയാക്കി

ഗാന്ധിനഗർ: പത്തനംതിട്ട സ്വദേശിനിയായ 14 വയസുകാരിയുടെ നട്ടെല്ലിലെ വളവ് ശസ്ത്രക്രിയയിലൂടെ വിജയകരമായി പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് കുട്ടികളിൽ നട്ടെല്ല് ശസ്ത്രക്രിയ നടക്കുന്നത്.

നടുവ് വേദനയും ശരീരിക ബുദ്ധിമുട്ടുകളുമായി രണ്ട്‌ മാസം മുമ്പാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ന്യൂറോ സർജ്ജറി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന്റെ വളവ് കണ്ടെത്തിയത്. തോറകൊളംബാർ കൈഫോസ്കോളിയോസിസ് (Thoracolumbar kyphoscoliosis) എന്ന അപൂർവ രോഗമായിരുന്നു കുട്ടിക്ക്.  കുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഉടൻ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇന്റർ ഓപ്പറേറ്റീവ് നേർവ് മോണിറ്റർ എന്ന ഉപകരണത്തിന്റെ സഹായത്താലാണ് ശസ്ത്രക്രിയ നടത്തിയത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ ഡോ. ടിനു രവി എബ്രഹാം, ഡോ: എൽ.എസ്. ജ്യോതിസ്, ഡോ. ഫിലിപ്പ് ഐസക്ക്, ഡോ. ഷാജു മാത്യു, ഡോ. വിനു വി. ഗോപാൽ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷീല, ഡോ. സുജ, ഡോ. റോഷൻ, നഴ്സുമാരായ പ്രിയ, ജെനു, ജയലക്ഷ്മി, പ്രിയങ്ക എന്നിവർ ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.

ശസ്ത്രക്രിയ പൂർണ്ണ വിജയമായിരുന്നു എന്നും കുട്ടി സാധാരണ ജീവിതത്തിലേക്ക് ദിവസങ്ങൾക്കുള്ളിൽ മടങ്ങി വരുമെന്നും ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*