ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് നല്‍കുമ്പോള്‍ ഇഷ്ടമുള്ള കാര്‍ഡ് നെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താവിന് നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക്, കാര്‍ഡ് പുതുക്കുന്ന ഘട്ടത്തിലും ഇഷ്ടമുള്ള നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കണമെന്നും ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ കാര്‍ഡ് നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് ഓപ്ഷന്‍ ഇല്ല. പൊതു താത്പര്യം കണക്കിലെടുത്താണ് ആര്‍ബിഐയുടെ ഇടപെടല്‍. അംഗീകൃത കാര്‍ഡ് നെറ്റ് വര്‍ക്കുകളുടെ പട്ടികയും ആര്‍ബിഐ പുറത്തുവിട്ടു. അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ്, മാസ്റ്റര്‍ കാര്‍ഡ്, റുപേ, വിസ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചത്.
മറ്റു കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍ക്ക് സേവനം നിഷേധിക്കുന്ന തരത്തില്‍ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും തെരഞ്ഞെടുക്കപ്പെട്ട കാര്‍ഡ് നെറ്റ്‌വര്‍ക്കുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇത്തരം കരാറുകള്‍ ഉപഭോക്താവിൻ്റെ താത്പര്യത്തിന് എതിരാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Be the first to comment