ഉരുളെടുത്ത് മുണ്ടക്കൈ; ഉള്ളുലഞ്ഞ് വയനാട്; മരണം 153 ആയി; തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ മരണം 153 ആയി. മരണസംഖ്യ നിയും ഉയരുമെന്നാണ് സൂചന. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പനങ്കയത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി കിട്ടി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ ഇതുവരെ 18 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ദുരന്തത്തില്‍ പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 59 മൃതദേഹങ്ങളാണ്. ഉരുള്‍ പൊട്ടലില്‍ മരിച്ച 143 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയായിട്ടുണ്ട്.

വൈത്തിരിയില്‍ 30 മൃതദേഹങ്ങള്‍ വെയ്ക്കാനുള്ള ഹാള്‍ സജ്ജമാക്കി. ഇവിടെ നിന്നും തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ ഒലിച്ചുപോയ നിലയിലാണ്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒറ്റപ്പെട്ടു പോയ അട്ടമലയില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു തുടങ്ങി.

നിരവധിപേര്‍ ഇനിയും ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചിലിനു സഹായിക്കാന്‍ മറ്റു ജില്ലകളില്‍നിന്നു പൊലീസ് ഡ്രോണുകള്‍ ഇന്നെത്തിക്കും. മെറ്റല്‍ ഡിറ്റക്റ്ററുകളുമെത്തും. മൃതദേഹങ്ങള്‍ തിരഞ്ഞു കണ്ടുപിടിക്കാന്‍ പൊലീസ് നായ്ക്കളെയും എത്തിക്കും. സൈന്യത്തിന്റെ നായ്ക്കളെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ബംഗളൂരുവില്‍നിന്നു കരസേനാവിഭാഗവും ഇന്നെത്തും.

 

Be the first to comment

Leave a Reply

Your email address will not be published.


*