
കല്‍പ്പറ്റ: വയനാട് ദുരന്തഭൂമിയില്‍ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പരിശോധന ആരംഭിച്ചു. ദുരന്തത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറു മേഖലകളായി തിരിച്ചാണ് തിരച്ചില്‍. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല സ്‌കൂള്‍, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. ചാലിയാര്‍ പുഴയിലും പരിശോധന തുടരും. ഡല്‍ഹിയില്‍ നിന്ന് അത്യാധുനിക റഡാര്‍ ഉള്‍പ്പടെ എത്തിച്ചാണ് പരിശോധന നടത്തുക.
അതേസമയം, ഉരുള്‍പൊട്ടലില്‍ മരണം 340 ആയി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 250ല്‍ അധികം ആളുകളെ ഇനി കണ്ടെത്താനുണ്ട്. 146 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. സൈന്യം, എന്‍ഡിആര്‍എഫ്, സംസ്ഥാന ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകളെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
ഉരുള്‍വെള്ളത്തില്‍ എല്ലാം നഷ്ടപ്പെട്ട നിരവധി പേര്‍ അവിടെ ജീവിച്ചിരുന്നുവെന്നതിന്റെ രേഖകള്‍ തേടിയെത്തുന്നുണ്ട്. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ ഉദ്യോഗസ്ഥതലത്തില്‍ യോഗംചേര്‍ന്ന് നടപടികളെടുക്കുമെന്നാണ് വിവരം. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈനില്‍ കിട്ടുമെന്നതിനാല്‍ ലഭ്യമാക്കുന്നതിന് മറ്റു തടസ്സങ്ങളില്ല. ഭൂമിസംബന്ധമായ രേഖകള്‍ നല്‍കാന്‍ റവന്യു വകുപ്പിന്റെ വിശദപരിശോധന വേണ്ടിവരും.ജീവിച്ചിരിക്കുന്നവര്‍ക്ക് ഭൂമി, വീട്, മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായം എന്നിവ നല്‍കുന്നതിന് പുതിയ നടപടിക്രമം തയ്യാറാക്കും. റേഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി നല്‍കും.എങ്ങനെയെന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും.
91 ക്യാമ്പുകളിലായി 9328 പേരാണുള്ളത്. അവശ്യമരുന്നുകളും ഡോക്ടര്‍മാരുടെ സേവനവും എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയോടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ മാനസികപിന്തുണ നല്‍കുന്നതിന് ആരോഗ്യപ്രവര്‍ത്തകരുണ്ട്.
Be the first to comment