
ന്യൂഡല്‍ഹി: ഖനികളില്‍നിന്നു 2005 ഏപ്രില്‍ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയ റോയല്‍റ്റി തിരികെ ആവശ്യപ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തള്ളിയാണ്, ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.
ഖനികള്‍ക്കും ധാതുനിക്ഷേപമുള്ള ഭൂമിക്കും നികുതി ചുമത്തുന്നതിന് നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ജൂലൈ 25ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിക്കു മുന്‍കാല പ്രാബല്യം നല്‍കരുതെന്നും കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. ഇതു തള്ളിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. ഒന്‍പതംഗ ബെഞ്ചില്‍ ജസ്റ്റിസ് ബിവി നാഗരത്‌ന മാത്രം ഭൂരിപക്ഷ വിധിയോടു വിയോജിച്ചു.
ഖനികളില്‍നിന്നും ധാതുനിക്ഷേപമുള്ള ഭൂമിയില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയ റോയല്‍റ്റി, 2005 ഏപ്രില്‍ മുതലുള്ള തീയതി വച്ച് സംസ്ഥാനങ്ങള്‍ക്കു തിരികെ ആവശ്യപ്പെടാം. എന്നാല്‍ ഈ റീഫണ്ടിന് ചില നിബന്ധനകള്‍ ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. അടുത്ത പന്ത്രണ്ടു വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായാണ് കേന്ദ്രവും മൈനിങ് കമ്പനികളും തുക തിരിച്ചു നല്‍കേണ്ടത്. തുക തിരിച്ചു നല്‍കുന്നതു വൈകിയാല്‍ സംസ്ഥാനങ്ങള്‍ പിഴ ഈടാക്കരുതെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു.
ഖനികള്‍ക്കും ധാതുക്കള്‍ക്കും റോയല്‍റ്റി ഈടാക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിനാണെന്നാണ്, 1989ലെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതു റദ്ദാക്കിക്കൊണ്ടാണ് ജുലൈ 25ലെ വിധി. തുടര്‍ന്ന് 1989 മുതലുള്ള റോയല്‍റ്റി തിരികെ നല്‍കണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.1989 മുതലുള്ള റോയല്‍റ്റി പ്രാഥമിക കണക്കു പ്രകാരം 70,000 കോടിക്കു മുകളില്‍ വരുമെന്നാണ് സൂചന.
Be the first to comment