രോഗികളുടെ അഡ്മിഷൻ ബുക്കിന് കൂടുതൽ പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സക്ക് വരുന്ന രോഗികളുടെ  അഡ്മിഷൻ ബുക്കിന് കൂടുതൽ പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചു.  അഡ്മിഷൻ ബുക്കിനുള്ള നിരക്ക് 30 രൂപയാക്കി ഉയർത്തിയ  സർക്കുലറിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെയാണ് സൂപ്രണ്ട് തീരുമാനം പിൻവലിച്ചത്.  പഴയനിലയിൽ സൗജന്യ നിരക്കായ 10 രൂപ മാത്രമാകും ഈടാക്കുക. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തി ചികിത്സക്ക് എത്തുന്ന രോഗികളുടെ വിവരങ്ങൾ രേഖപെടുത്തുന്നതാണ് അഡ്മിഷൻ ബുക്ക്.  സർക്കാർ പ്രസിൽ നിന്ന് പ്രിൻ്റ് ചെയ്തു ലഭിച്ചിരുന്ന അഡ്മിഷൻ ബുക്കുകൾ സൗജന്യ നിരക്കായ പത്തു രൂപ ഈടാക്കിയാണ് രോഗികൾക്ക് നൽകിയിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ടു മാസം മുൻപ് അച്ചടി നിർത്തി.  തുടർന്ന്  ഒരു മാസത്തോളം കളമശ്ശേരി, കോട്ടയം മെഡിക്കൽ കോളേജുകൾക്കായി പ്രിൻറ് ചെയ്തിരുന്ന ബുക്കുകളാണ് വണ്ടാനത്തും ഉപയോഗിച്ച് വന്നത്.   ഇതുകൂടി ലഭിക്കാതായതോടെയാണ്  ആശുപത്രി വികസന സമിതി സ്വന്തം നിലയിൽ  ബുക്കുകൾ പ്രിൻറ് ചെയ്യാൻ തീരുമാനിച്ചത്.  30 രൂപ രോഗികളിൽ നിന്ന്  ഇന്ന് മുതൽ ഈടാക്കാനും തീരുമാനിച്ചു.  മാധ്യമങ്ങളിൽ ഇത് സംബന്ധിച്ചു വാർത്തകൾ വന്നതോടെ  രോഗികൾ പ്രതിഷേധം അറിയിച്ചു.  പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തേത്തി.  ഇതോടെയാണ് ആശുപത്രി വികസന സമിതി തീരുമാനം  പിൻവലിച്ചത്.  ഇക്കാര്യം വ്യക്തമാക്കി നാളെ പുതിയ സർക്കുലർ പുറത്തിറക്കുമെന്നും അഡ്മിഷൻ ബുക്കിന് പഴയനിലയിൽ 10 രൂപ മാത്രം അടച്ചാൽ മതിയെന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടർ അബ്ദുൽസലാം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*