ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിയുടെ ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി.

റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് ഹേമ കമ്മീഷന് മൊഴി നല്‍കിയ ആള്‍ എന്ന നിലയില്‍ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമാണ് നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പ്രത്യേകാനുമതിയിലൂടെയാണ് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം പ്രാഥമികവാദം കേട്ടത്.

അതിനിടെ, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ല്യുസിസിയാണ് ഹേമ കമ്മീഷന്‍ രൂപീകരിക്കാനുള്ള കാരണം. കേരളത്തിലാണ് രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ വെച്ചത്. അതില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും താന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി തങ്ങളുടെ കൈയ്യിലില്ല. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിന്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാല്‍ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താന്‍ കോടതിയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ലെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (എസ്പിഐഒ) ആണ് അതു പുറത്തുവിടേണ്ടത്. സമയമാവുമ്പോള്‍ അതു പുറത്തുവിടുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ സര്‍ക്കാരിനോ സാംസ്‌കാരിക വകുപ്പിനോ പങ്കൊന്നുമില്ല. എസ്പിഐഒയ്ക്കാണ് വിവരാവകാശ കമ്മിഷനും ഹൈക്കോടതിയും ഉത്തരവ് നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി പറഞ്ഞ സമയം ആയിട്ടില്ല. സമയം ആവുമ്പോള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. അതില്‍ ഇത്ര വെപ്രാളപ്പെടുന്നത് എന്തിനെന്നും സജി ചെറിയാന്‍ കഴിഞ്ഞദിവസം ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*