വേദന അനുഭവിക്കുന്നതിലും നല്ലത്; പ്രത്യേക സാഹചര്യങ്ങളിൽ ആനകൾക്ക് ദയാവധം നടപ്പാക്കാൻ നീക്കം

തൃശൂർ: നാട്ടാനകൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ ദയാവധം നടപ്പാക്കാൻ ആലോചന. നാട്ടാന പരിപാലന നിയമത്തിലെ പുതിയ ചട്ടഭേദ​ഗതിയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ ആനകളുടെ ദയാവധം നടപ്പാക്കാനാകൂ എന്നും കരടിൽ പറയുന്നു. നാട്ടാന പരിപാലന നിയമത്തിലെ ചട്ടത്തിൽ ഇതുൾപ്പെടുത്തുന്നത് ആദ്യമായാണ്.

അപൂർവ സന്ദർഭങ്ങളിൽ ഇത് ​ഗുണകരമാകുമെന്നാണ് മേഖലയിലുള്ളവർ പറയുന്നത്. ഒരാന അത്രത്തോളം വേദന അനുഭവിക്കുന്ന സാഹചര്യത്തിലാണ് ദയാവധം ഏർപ്പെടുത്താമെന്ന നിർദേശം മുന്നോട്ട് വയ്ക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയമിക്കുന്ന ഒരു സംഘമാണ് പരിശോധന നടത്തുക. ചുരുങ്ങിയത് നാല് അം​ഗങ്ങളാണ് സംഘത്തിലുണ്ടാവുക.

രണ്ട് വിദ​ഗ്ധരായ വെറ്ററിനറി ഡോക്ടർമാർ, സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്, അനിമൽ വെൽഫെയർ ബോർഡ് എന്നിവയിലെ ഓരോ അം​ഗവും അടങ്ങുന്നതായിരിക്കും സംഘം. അസുഖം ബാധിച്ചതോ വയസായതോ ആയ ആനകൾ തളർന്നു വീഴുന്ന സംഭവം പലപ്പോഴുമുണ്ടാകാറുണ്ട്. വീണ്ടും അതിനെ എഴുന്നേൽപ്പിക്കാൻ സാധിക്കില്ലെന്ന് ഉറപ്പുള്ള ഘട്ടങ്ങളും വരാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ വേദന അനുഭവിക്കുന്നതിനേക്കാൾ നല്ലതാണ് ദയാവധമെന്ന് മേഖലയിലുള്ളവർ തന്നെ പറയുന്നു. വാഹനമിടിച്ചും മറ്റും ​ഗുരുതരമായി പരിക്കേൽക്കുന്ന ആനകളുടെ കാര്യത്തിലും ഇത് ഉപയോ​ഗപ്രദമാണ്. ഒരു പരിധിയിൽ കൂടുതൽ എല്ലു പൊട്ടിയാൽ ആനകൾക്ക് പഴയപടി ജീവിതത്തിലേക്ക് തിരികെ വരിക എന്നത് പ്രയാസകരമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*