കോട്ടയം: വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ വയോജനങ്ങള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍.അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി സംഗമത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയോജനങ്ങളുടെ ജീവിതത്തില്‍ സന്തോഷിക്കുവാനും അഭിമാനിക്കുവാനും സാധിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടെന്നും അത് കണ്ടെത്തി വാര്‍ദ്ധക്യം ആഘോഷിക്കുവാന്‍ കഴിയണമെന്നും, വ്യക്തി കുടുംബ സമൂഹ നിര്‍മ്മാണ പ്രക്രീയയില്‍ വയോനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സി.എസ്.എല്‍ സംസ്ഥാന ഡയറക്ടറും ദീപനാളം ചീഫ് എഡിറ്ററുമായ റവ. ഫാ. കുര്യന്‍ തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് ഫാമിലി കൗണ്‍സിലര്‍ ഡോ. ഗ്രേസ് ലാല്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന വയോജന സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.
Be the first to comment