ഇ.എസ്.ഐ നിയമത്തിന് കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം പരിഗണിക്കേണ്ടതില്ല; സുപ്രിംകോടതി

ജീവനക്കാരുടെ എണ്ണം ഇരുപതില്‍ കുറവായ സ്ഥാപനങ്ങളും ഇ.എസ്.ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) നിയമത്തിനുകീഴില്‍ വരുമെന്ന് സുപ്രിംകോടതി. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ഇ.എസ്.ഐ.നിയമത്തിന് ബാധകമല്ലെന്ന വ്യവസ്ഥ 1989 ഒക്ടോബര്‍ 20-മുതല്‍ നിലവിലുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. 1989 ഒക്ടോബര്‍ 20നുമുമ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്നാണ് കോടതി വ്യക്തമാക്കി.

തെലങ്കാനയിലെ രാധിക സിനിമാ തീയറ്റര്‍ കേസിലാണ് കോടതിയുടെ ഉത്തരവ്. ജീവനക്കാരുടെ എണ്ണം ഏതുകാലത്താണ് കുറഞ്ഞിരുന്നത് എന്നതിന് പ്രസക്തിയില്ലെന്ന് സുപ്രിംകോടതി ഉത്തരവില്‍ പറഞ്ഞു. കുറഞ്ഞ ശമ്പളക്കാര്‍ക്ക് (നിലവില്‍ 21,000 രൂപ) ചികിത്സയും മറ്റ് ആനുകൂല്യങ്ങളുമാണ് ഇ.എസ്.ഐ.യിലൂടെ നല്‍കുന്നത്. ഇരുപതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളും ഫാക്ടറികളും മാത്രമാണ് 1948 ലെ ഇ.എസ്.ഐ. നിയമത്തിനുകീഴില്‍ വന്നിരുന്നത്.

ജീവനക്കാരുടെ എണ്ണം എത്രയാണെങ്കിലും സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണെന്ന് ഇ.എസ്.ഐ. നിയമത്തിലെ ഒന്നാം വകുപ്പില്‍ ആറാം ഉപവകുപ്പ് കൂട്ടിച്ചേര്‍ത്ത് വ്യവസ്ഥയുണ്ടാക്കിയിരുന്നു. ഇതിന് മുന്‍കൂര്‍ പ്രാബല്യമുണ്ടോയെന്നാണ് സുപ്രിംകോടതി പരിശോധിച്ചത്.ഇ.എസ്.ഐ. നിയമത്തെ ഗുണഭോക്താക്കള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കണമെന്ന് ബാംഗ്ലൂര്‍ ടര്‍ഫ് ക്ലബ്ബ് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നത് ജസ്റ്റിസ് എംആര്‍ ഷാ, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*