മേപ്പാടി ദുരിതബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളിൽ പൂത്തതും ഉപയോഗശൂന്യമായിട്ടുള്ള സാധനങ്ങൾ ഉണ്ടെന്നകാര്യം ഞെട്ടിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ വിതരണം ചെയ്തിട്ടുള്ള സാധനങ്ങളിൽ അരി മാത്രമല്ല മൈദ, റവ വിവിധങ്ങളായ സാധനങ്ങൾ ഉണ്ട്, അതിൽ നിന്ന് അരിയും മൈദയും റവയും ഉൾപ്പെടെയുള്ള കേടായ സാധനങ്ങൾ കണ്ടെത്തി എന്നതാണ് ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെയെങ്കിൽ എവിടെ നിന്ന് ലഭ്യമായി എന്നതാണ് പരിശോധിക്കുന്നത്.ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പുമാണ് വിതരണം ചെയ്തത് എന്ന പ്രസ്താവന നിരുത്തരവാദിത്തപരമാണെന്നും സംഭവം ഗൗരവകരമായി പരിശോധിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാതൃകാപരമായ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും നിവാരണ പ്രവർത്തനങ്ങളുമാണ് സർക്കാർ നടത്തിയത്. റവന്യൂ വകുപ്പ് മേപ്പാടിയിൽ എന്തൊക്കെയാണ് വിതരണം ചെയ്തത് എന്നതിന് കൃത്യമായ രേഖകൾ ഉണ്ട്. പഞ്ചായത്ത് സാധനങ്ങൾ ഏറ്റുവാങ്ങിയതിന്റെ അടക്കം ഇൻവോയ്സ് ഉണ്ട്. ഒടുവിൽ വിതരണം ചെയ്തത് 26 കിലോ വീതമുള്ള അരിയാണ്. 30- 10, 1-11 എന്നീ ദിവസങ്ങളിലാണ് ജില്ലാ ഭരണകൂടം സാധനങ്ങൾ വിതരണം ചെയ്തിട്ടുള്ളത്. അത് പാക്കറ്റുകളിൽ ആക്കിയ അരി അല്ല, മറിച്ച് ചാക്കുകളിലുള്ളതാണ്. എന്നാൽ ഇപ്പോൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്ന അരി ചെറിയ പാക്കറ്റുകളിൽ ഉള്ളതാണ്. ഇനി ചാക്കിൽ കൊടുത്ത അരിയാണെങ്കിൽ അത് പാക്ക് ചെയ്യുമ്പോൾ ഈ മോശം അവസ്ഥ കാണേണ്ടിയിരുന്നതല്ലേ എന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ വകുപ്പ് സാധനങ്ങൾ വിതരണം ചെയ്ത കിറ്റിൽ രണ്ടു ദിവസവും റവയും മൈദയും നൽകിയിട്ടില്ല. കൊടുക്കാത്ത മൈദ പൂത്തു എന്നതാണ് ഇപ്പോൾ പറയുന്നത്, സെപ്റ്റംബർ ഒമ്പതിനാണ് റവയും മൈദയും ജില്ലാ ഭരണകൂടം ഒടുവിൽ കൊടുത്തത്. ആ പാക്കറ്റുകൾ ആണ് ഇപ്പോൾ വിതരണം ചെയ്തതെങ്കിൽ ഗുരുതരമായ തെറ്റാണ് പഞ്ചായത്ത് ചെയ്തിട്ടുള്ളത്. അങ്ങിനെയുള്ളവ ഒരുകാരണവശാലും വിതരണം ചെയ്യാൻ പാടില്ലാത്തതാണ്. എന്തുകൊണ്ട് അത് രണ്ടുമാസം എടുത്തുവച്ചു എന്നത് പഞ്ചായത്ത് വ്യക്തമാക്കണം. ഓണത്തിന് വിതരണം ചെയ്യാൻ കൊടുത്ത വസ്ത്രങ്ങൾ അടക്കം ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്.റവന്യൂ വകുപ്പ് നൽകിയ ഒന്നിലും കേടുപാടുകൾ ഇല്ല.കളക്ടറോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും കെ രാജൻ പറഞ്ഞു.
അതേസമയം, മേപ്പാടിക്ക് പിന്നാലെ കോൺഗ്രസ് ദേശീയ നേത്യത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ് വയനാട് കിറ്റ് വിവാദം. തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രിയങ്ക ഗാന്ധിയുടെയും രാഹുലിന്റെയും ചിത്രം പതിച്ച കിറ്റുകൾ പിടികൂടിയത് . കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേർന്ന മില്ലിൽ നിന്നാണ് ഈ കിറ്റുകൾ പിടികൂടിയത്. ദുരന്തം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്ന ആരോപണം പ്രതിരോധിക്കാനാകാതെ നിൽക്കുകയാണ് ഇപ്പോൾ കോൺഗ്രസ്.
Be the first to comment