മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വികള്‍ തിരിച്ചടിയായില്ല; ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ ഇന്ത്യയുടെ ഉപനായകന്‍

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരാജയങ്ങളും മോശം പ്രകടനവും തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും തിരിച്ചടിയായില്ല. മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്‍റെ വൈസ് ക്യാപ്റ്റനായി. ചൊവ്വാഴ്ച പ്രഖ്യാപിച്ച 15 അംഗ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്.

മോശം ഫോമിലുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം മറ്റൊരു ഉപനായകനെ ഇന്ത്യ പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിന് പകരം റിഷഭ് പന്തിനെ ഉപനായകനാക്കാനായിരുന്നു ഇന്ത്യന്‍ സെലക്ടേഴ്സിന്‍റെ ആലോചന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ഫോം അനുസരിച്ച് പാണ്ഡ്യയേക്കാള്‍ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുക്കുന്നത്. എന്നാല്‍ പാണ്ഡ്യയുടെ മോശം ഫോമും മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനവും ടീം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ലെന്നുവേണം കരുതാന്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്‍പത് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് വിജയിക്കാനായത്. ആറ് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് മുംബൈ. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ മുംബൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി 7.30നാണ് മത്സരം.

Be the first to comment

Leave a Reply

Your email address will not be published.


*