ദേശീയ-അന്തര്‍ദേശീയ കലാപ്രതിഭകള്‍ സംഗമിക്കുന്ന അഞ്ചാമത് കൊച്ചി – മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തിരി തെളിയും. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ പത്തുവരെയാണ് കലയുടെ വസന്തകാലം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികളാണ് നാല് മാസം നീണ്ട് നില്‍ക്കുന്ന ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുക. പത്തു മലയാളികളടക്കം 33 ഇന്ത്യന്‍ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഇന്‍സ്റ്റലേഷനുകള്‍, പെയിന്റിംഗുകള്‍, ശില്പങ്ങള്‍, ഡിജിറ്റല്‍ കലാരൂപങ്ങള്‍ എന്നിവയുണ്ടാകും. കോവിഡിന് ശേഷം രണ്ട് വര്‍ഷം വൈകിയാണ് ബിനാലെ അരങ്ങേറുന്നത്.
സിംഗപ്പൂരിൽ നിന്നുള്ള ഷുബിഗി റാവുവാണ് ഇത്തവണത്തെ ബിനാലെ ക്യുറേറ്റർ. 2012 ഡിസംബര്‍ 12 ന് തുടങ്ങിയ കൊച്ചി ബിനാലെയുടെ പത്താം വാർഷികമാണ് ഇത്തവണത്തേത്. 2018 -ല്‍ ആറുലക്ഷം പേരാണ് കലാസ്വാദനത്തിന് എത്തിയത്. ഇത്തവണ ഇതിലൂം കൂടുതലാളുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനായി ഇത്തവണ ബിനാലെ വേദികളിലേക്ക് രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് മണിവരെ പ്രവേശനമുണ്ടാകും. ടിക്കറ്റുകള്‍ കൗണ്ടറിന് പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും കലാസ്വാദകര്‍ക്ക് ലഭ്യമാകും. 150 രൂപയാണ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 100 എന്നിങ്ങനെയും. ഒരാഴ്ചത്തെ ടിക്കറ്റിന് 1000 രൂപ, പ്രതിമാസ നിരക്ക് 4000 രൂപയാണ്.
*വേദികള്‍
എറണാകുളം: ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി.
ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി: ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട്കഫെ, കാശി ടൗണ്‍ ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കബ്രാല്‍ യാര്‍ഡ്, ആനന്ദ് വെയര്‍ഹൗസ്, വെല്‍ക്കം ഹെറിറ്റേജ് അസോറ, അര്‍മാന്‍ ബില്‍ഡിംഗ്, വി.കെ.എല്‍ വെയര്‍ഹൗസ്, മോച്ച ആര്‍ട്ട് കഫെ, കെ.വി.എന്‍. ആര്‍ക്കേഡ്, ട്രിവാന്‍ഡ്രം വെയര്‍ഹൗസ്, ടി.കെ.എം. വെയര്‍ഹൗസ്.
Be the first to comment