കോമഡി,റൊമാൻസ്, ആക്ഷൻ ഇവിടെ എല്ലാം ഓക്കെയാണ് ! മലയാളത്തിൽ ചുവടുറപ്പിച്ച് ദേവ് മോഹൻ

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായ് വേഷമിട്ട് പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ദേവ് മോഹൻ. 2020-ലാണ് ‘സൂഫിയും സുജാതയും’ പ്രേക്ഷകരിലേക്കെത്തുന്നത്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ കാണികളെ ആകർഷിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ‘പരാക്രമം’ ദേവ് മോഹന്റെ എട്ടാമത്തെ സിനിമയാണ്. ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നവംബർ 22ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം അർജ്ജുൻ രമേശാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്.

2021-ൽ രണ്ടാമത്തെ ചിത്രമായ ‘ഹോം’ ഉം 2022-ൽ മൂന്നാമത്തെ ചിത്രമായ ‘പന്ത്രണ്ട്’ ഉം ചെയ്ത ശേഷം ദേവ് മോഹൻ നേരെ പോയത് തെലുങ്കിലേക്കാണ്. സമന്തായോടൊപ്പം ‘ശാകുന്തളം’ത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്തതോടെ മലയാളത്തിന് പുറമെ തെലുങ്കിലും ചുവടുറപ്പിച്ചു. അദിതി റാവുവിന്റെയും സമന്തായുടെയും നായകനായ് എത്തിയ ദേവ് മോഹന് സൗത്ത് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ന് ഏറെ ആരാധകരുള്ളൊരു താരമായ് മാറിയിരിക്കുകയാണ് ദേവ് മോഹൻ. തെലുങ്കിൽ നിന്നും ഒരുപാട് ഓഫറുകൾ വരുന്നുണ്ടെങ്കിലും മലയാളത്തിൽ തുടരാനാണ് താരം ഇഷ്ടപ്പെടുന്നത്.

2023-ൽ ‘വാലാട്ടി’, ‘പുള്ളി’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ‘പരാക്രമം’ത്തിൽ ദേവ് മോഹന്റെ കഥാപാത്രത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. 18 വയസ്സുകാരനായ് പ്രത്യക്ഷപ്പെടാൻ വലിയ മേക്കോവർ തന്നെ താരം നടത്തിയിട്ടുണ്ട്. 30കളിലെത്തിയ ഒരു നടൻ 18 വയസ്സുള്ളൊരാളായ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

‘സൂഫിയും സുജാതയും’ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടുന്നതോടൊപ്പം ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ദേവ് മോഹനെ തേടിയെത്തി. മികച്ച പുതു താരത്തിനുള്ള മൂന്ന് പുരസ്കാരങ്ങളാണ് ഈ ഒരൊറ്റ സിനിമയിലൂടെ ദേവ് മോഹൻ സ്വന്തമാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*