അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കും, അതുവരെ ആരും മാറുന്നുമില്ല,ആരും ചേരുന്നുമില്ല; എ കെ ശശീന്ദ്രൻ

എൻസിപി മന്ത്രി മാറ്റത്തിൽ നിലപാട് കടുപ്പിച്ച് എ കെ ശശീന്ദ്രൻ. മുംബൈയിലെ കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം ചർച്ചയായിലെന്നും പുറത്ത് വരുന്നത് ഭാവനകൾ മാത്രമാണെന്നും എ കെ ശശീന്ദ്രൻ  പറഞ്ഞു. മന്ത്രി മാറ്റം ചർച്ചയായിട്ടില്ലെന്നും അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വശവും ആലോചിച്ചേ പ്രസിഡൻ്റ് തീരുമാനം എടുക്കൂ. തീരുമാനം വരും വരെ ആരും മാറുന്നുമില്ല, ആരും ചേരുന്നുമില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസിനെ ഉറപ്പിച്ചത്. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കുമെന്നും ഇതോടെ ധാരണയായി. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ കെ ശശീന്ദ്രൻ വാദിച്ചിരുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.

 

Be the first to comment

Leave a Reply

Your email address will not be published.


*