ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലായിരിക്കും ഇത്തവണത്തെ ആദ്യ അങ്കം?

മുംബൈ: ഐപിഎല്‍ 2024 സീസണിന്‍റെ മത്സരക്രമം പ്രഖ്യാപിക്കാന്‍ കുറച്ച് മണിക്കൂറുകളെ അവശേഷിക്കുന്നുള്ളൂ.  എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ ഷെഡ്യൂള്‍ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കേ ഒരു സുപ്രധാന വിവരം പുറത്തായി. നിലവിലെ ചാമ്പ്യന്‍മാരും റണ്ണേഴ്സ് അപ്പും തമ്മില്‍ ഏറ്റുമുട്ടി ഐപിഎല്‍ സീസണിന് തുടക്കമാവുക എന്ന പതിവ് ഇത്തവണ മാറിയേക്കാം. 

2024 മാര്‍ച്ച് 22ന് ചെന്നൈയിലാണ് ഐപിഎല്‍ 17-ാം എഡിഷന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സും എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരം കളിക്കും എന്നാണ് ഏവരും കരുതിയിരിക്കുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലായിരിക്കും ഇത്തവണത്തെ ആദ്യ അങ്കം എന്ന സൂചന വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് പുറത്തുവിട്ടു. ഇങ്ങനെ വന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ എം എസ് ധോണി- വിരാട് കോലി നേര്‍ക്കുനേര്‍ പോരാട്ടമായി ഇത് മാറും. സിഎസ്‌കെ-ആര്‍സിബി ആരാധകര്‍ ഇപ്പോഴേ മത്സരഫലം സംബന്ധിച്ച് പ്രവചനങ്ങളും വാക്‌പോരും തുടങ്ങിക്കഴിഞ്ഞു. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന്‍റെ ആദ്യഘട്ട മത്സരക്രമം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണി മുതല്‍ ജിയോ സിനിമയിലൂടെയും സ്റ്റാർ സ്പോർട്സിലൂടെയും തല്‍സമയ പ്രഖ്യാപനം കാണാം. പൊതു തെരഞ്ഞെടുപ്പ് വരാനുണ്ട് എന്നതിനാല്‍ രണ്ട് ഘട്ടമായാവും ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഇതിലെ ആദ്യ ഘട്ട മത്സരങ്ങളുടെ തിയതികളാവും ഇന്ന് പുറത്തുവരിക. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് നടന്ന 2019ല്‍ ഐപിഎല്‍ പൂർണമായും ഇന്ത്യയില്‍ വച്ചായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ 2009ല്‍ പൂർണമായും മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി. 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യ 20 ഐപിഎല്‍ മത്സരങ്ങള്‍ക്ക് യുഎഇയും വേദിയായി. 

Be the first to comment

Leave a Reply

Your email address will not be published.


*