വാലേൽ പാലം നിർമാണം ആദ്യഘട്ട നടപടി പൂർത്തിയായി

വൈക്കം • ചെമ്പ് പഞ്ചായത്തിലെ മുറിഞ്ഞപുഴ ബ്രഹ്മമംഗലം പ്രദേശത്തെ ബന്ധിപ്പിക്കുന്ന വാലേൽ പാലം നിർമാണം ആദ്യഘട്ട നടപടികൾ പൂർത്തിയായി. സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധസമിതി സ്ഥലം സന്ദർശിച്ചു. സമീപനപാതയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയാറാക്കി സർക്കാരിൽ സമർപ്പിച്ചു.പാലത്തിന്റെ അപ്രോച്ച് റോഡിനായി ചെമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡിലെ 27 സ്വകാര്യ വ്യക്തികളുടെയും രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെയും 1.26 ഏക്കർ ഭൂമി ഏറ്റെടുക്കും. 48മരങ്ങൾ മുറിച്ചു മാറ്റും. എട്ട് പേരുടെ മതിലും നാല് വ്യക്തികളുടെ ഗേറ്റും ഒരാളുടെ കമ്പിവേലിയും നഷ്ടമാകും. ഇതിനുള്ള നഷ്ടപരിഹാരം യഥാസമയത്ത് നൽകിയാൽ ഭൂവുടമകൾ ഭൂമി വിട്ടുനൽകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ടെന്ന് വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.വർഷങ്ങൾക്ക് മുൻപ് വാലയിൽ പാലം നിർമാണത്തിന് സർക്കാർ 14 കോടി രൂപ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആറ് കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഇനി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 11(1) വിജ്ഞാപനം ഇറങ്ങിയാൽ മാത്രം മതി. തുടർന്ന് സർവേ നടപടികൾ ആരംഭിക്കും.

ചെമ്പ് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളായ മുറിഞ്ഞപുഴ, ചെമ്പ് മാർക്കറ്റ്, കാട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെത്താൻ മുറിഞ്ഞപുഴ വാലയിൽ കടത്തുവള്ളത്തെയാണ് ജനം ആശ്രയിക്കുന്നത്. വള്ളത്തിൽ കയറാൻ ഭയം ഉള്ളവർ എറണാകുളം ജില്ലയിലെ പൂത്തോട്ട, കാഞ്ഞിരമറ്റം വഴിയോ, മറവൻതുരുത്ത് പഞ്ചായത്തിലെ തട്ടാവേലി പാലം വഴിയോ വേണം യാത്ര ചെയ്യാൻ. ഏഴു പതിറ്റാണ്ടിലേറെയായി മുറിഞ്ഞപുഴ വാലയിൽ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം തുടങ്ങിയിട്ട്. കടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വൈക്കം- എറണാകുളം റോഡിലെ മുറിഞ്ഞപുഴ പാലമാണ്. ഇരുകരകളിലും റോഡ് ഉണ്ടായിട്ടും പാലത്തിന്റെ നിർമാണം സാങ്കേതികത്വത്തിൽ കുടുങ്ങുകയായിരുന്നു. ആറിന്റെ ഇരു കരകളിലുമായി സ്ഥിതി ചെയ്യുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പോകുന്നവർക്കു പാലം യാഥാർഥ്യമായാൽ യാത്ര എളുപ്പമാകും.

Be the first to comment

Leave a Reply

Your email address will not be published.


*