രാജ്യത്തെ ആദ്യ അക്ഷരമ്യൂസിയം മറിയപ്പള്ളിയിൽ ഒന്നാം ഘട്ട നിർമാണം പൂർത്തിയായി; ഉദ്ഘാടനം ഉടൻ

കോട്ടയം: രാജ്യത്തെ ആദ്യ അക്ഷരമ്യൂസിയമെന്ന വിശേഷണത്തോടെ തുടക്കമിടുന്ന മറിയപ്പള്ളിയിലെ അക്ഷരം മ്യൂസിയത്തിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായി. അവസാനഘട്ട മിനുക്കുപണികളുടെ ഭാഗമായി മ്യൂസിയത്തിനുള്ളിൽ ഗ്യാലറികൾ ഒരുക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. അടുത്തമാസം മ്യൂസിയം തുറക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.

മലയാള ഭാഷയുടെ പരിണാമം, വളർച്ച എന്നിവ അടുത്തറിയാൻ സഹായിക്കുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 15 കോടി ചെലവിട്ടുള്ള മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണു പൂർത്തിയായത്.  ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലിക മുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാകും ആദ്യഘട്ടത്തിലെ പ്രത്യേകത. ലോകത്തിലെ വിവിധ ലിപികളെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ലോകഭൂപടത്തിൽ തൊടുമ്പോൾ അവിടുത്തെ ഭാഷകളും അതിന്റെ പ്രത്യേകതകളും അറിയാൻ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിഡിയോ ഗ്യാലറികളും വിവിധ വിഷയങ്ങളിൽ ഡിജിറ്റൾ വാളുകളുമുണ്ടാകും. ഭാഷയുടെ വികാസം വിശദമാക്കുന്ന മൾട്ടിമീഡിയ പ്രദർശനവുമുണ്ടാകും. ഇതിനൊപ്പം 60 പേർക്ക് ഇരിക്കാൻ കഴിയുന്ന തീയേറ്ററുമുണ്ട്. ഇതിൽ പ്രദർശിപ്പിക്കാൻ ഏട്ട് ഡോക്യൂമെന്ററികളും തയാറാക്കിയിട്ടുണ്ട്.

കാരൂർ നീലകണ്ഠപിള്ളയുടെ പ്രതിമയും മ്യൂസിയത്തിനൊപ്പം സ്ഥാപിക്കും. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണു മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. എം.സി റോഡിനോട് ചേർന്നുള്ള മ്യൂസിയത്തിന്റെ മേൽനോട്ടവും സംഘത്തിനാണ്. ചരിത്രവിദ്യാർഥികൾക്കും ഭാഷാസ്നേഹികൾക്കും ഗവേഷകർക്കും പഠനത്തിനും പ്രയോജനപ്പെടുന്ന തരത്തിലാണു മ്യൂസിയമെന്ന് അധികൃതർ പറഞ്ഞു. ലോകഭാഷ ലിപികൾ സമാഹരിച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ള മ്യൂസിയം രാജ്യത്തു വേറെയില്ല. സംവാദങ്ങൾക്കും ആശയപ്രചാരണത്തിനും ചർച്ചാവേദികൾക്കുമുള്ള ഇടമായി ഭാവിയിൽ മ്യൂസിയത്തെ മാറ്റാൻ ലക്ഷ്യമിടുന്നുണ്ടെന്നും ഇവർ പറഞ്ഞു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണു കെട്ടിടം നിർമിച്ചത്. അടുത്ത ഘട്ടങ്ങളുടെ നിർമാണത്തിനും ഉടൻ തുടക്കമാകും. ഇതിനായി 11.30 കോടിയുടെ പദ്ധതിക്ക് സർക്കാറിന്റെ സാങ്കേതിക അനുമതി ലഭിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ ഇന്ത്യൻ ഭാഷകളെയും ലോക ഭാഷകളെയും വിശദമായി ഉൾക്കൊള്ളിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*