പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് രാവിലെ പതിനൊന്നിന് ആരംഭിക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞ ആണ് ഇന്നത്തെ അജണ്ട. രാവിലെ പതിനൊന്നിന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലും. മലയാളി എംപിമാരുടെ സത്യപ്രതിജ്ഞ ഉച്ചതിരഞ്ഞാണ്.
അതേസമയം, സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭ പ്രക്ഷുബ്ധമായേക്കും. ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഒന്നിച്ചാകും സഭയിലേക്ക് എത്തുക. ഭരണഘടനയുടെ പതിപ്പുമായി ആകും അംഗങ്ങള്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം, സഭ പരിസരത്തെ മഹാത്മാ ഗാന്ധിയുടെ പ്രതിമ മാറ്റിയ ഇടത്ത് പ്രതിപക്ഷ അംഗങ്ങള്‍ ഒത്തുചേര്‍ന്നശേഷമാകും സഭയിലേക്ക് എത്തുക.
നീറ്റ്-നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, പ്രോ ടേം സ്പീക്കര്‍ പദവി എന്നിവയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധങ്ങള്‍. സഭയിലെ സമരരീതികള്‍ ചര്‍ച്ചചെയ്യാന്‍ രാവിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷനേതാവായി പ്രഖ്യാപിക്കും. അതേസമയം, പ്രോ ടേം സ്പീക്കര്‍ പട്ടികയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് അടക്കം കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്‍മാറിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ഓഹരി വിപണി കുംഭകോണം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. മോദിയും അമിത് ഷായും നിര്‍മല സീതാരാമനും തിഞ്ഞെടുപ്പിനിടെ അഭിമുഖങ്ങളില്‍ പറഞ്ഞ ഓഹരി വിപണിയിലെ കുതിപ്പ് കേന്ദ്രീകരിച്ചായിരുന്നു ആരോപണം. വലിയ വിജയം ബിജെപിക്കുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകരെ മോദിയും അമിത് ഷായും പ്രേരിപ്പിച്ചെന്നും അസാധാരണമായ ഈ പരാമര്‍ശങ്ങള്‍ ഓഹരി വിപണിയിലെ കുംഭകോണം ലക്ഷ്യമിട്ടായിരുന്നു എന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കോണ്‍ഗ്രസ് ഈ ആരോപണം വലിയരീതിയില്‍ ചര്‍ച്ചയാക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിനെ ഇപ്പോള്‍ പ്രതിരോധത്തിലാക്കുന്ന സുപ്രധാനവിഷയം നീറ്റ്-നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചേര്‍ച്ചയാണ്. 2024 മെയ് അഞ്ചിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. അതിന് പിന്നാലെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയരുകയും പട്‌നയില്‍ 13 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജൂണ്‍ നാലിന് പരീക്ഷാഫലം പുറത്തുവരുന്നത്. പിന്നാലെ നിരവധി പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചിലര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കിയതുമൊക്കെ വലിയ ചര്‍ച്ച ആയിരുന്നു. 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് രാജ്യമൊട്ടാകെ നീറ്റ് പരീക്ഷയെഴുതിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
ഇത്തവണ 67 വിദ്യാര്‍ഥികളാണ് മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ചത്. അതായത് 720ല്‍ 720 മാര്‍ക്ക്. ഉത്തരേന്ത്യ ആസ്ഥാനമായുള്ള കോച്ചിങ് സെന്ററുകളിലെ ചില വിദ്യാര്‍ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടി. സമൂഹമാധ്യമങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ പരീക്ഷാ ദിവസം ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കുറ്റക്കാരായ ചില വിദ്യാര്‍ഥികള്‍ക്കെതിരെ എന്‍ടിഎ നടപടിയെടുത്തെങ്കിലും ഇത് വലിയ ശൃംഖലയുടെ ഇങ്ങേയറ്റം മാത്രമാണ് എന്നാണ് വിലയിരുത്തല്‍.
പിന്നാലെ, നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നു. ഇതിന്റെ കൂടെ യുജിസി-നെറ്റ് പരീക്ഷ തിരിമറി ആരോപണവും പുറത്തുവന്നതോടെ, കേന്ദ്രം മുള്‍മുനയിലായത്. ഇത്തരം ആരോപണങ്ങളെ കേന്ദ്രസര്‍ക്കാര്‍ സഭയില്‍ എത്തരത്തില്‍ പ്രതിരോധിക്കുമെന്നതും ശ്രദ്ധേയമാണ്.
Be the first to comment